കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ പൊലീസ് ചോദ്യം ചെയ്തു. പെരുമ്ബാവൂര്‍ സ്വദേശി നല്‍കിയ വഞ്ചനാ കേസിലാണ് പൊലീസ് നടപടി. തനിക്കെതിരായ ആരോപണങ്ങള്‍ സണ്ണി ലിയോണ്‍ നിഷേധിച്ചു. കേരളത്തില്‍ സണ്ണി ലിയോണ്‍ എത്തിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തത്.

ഏതാനും ദിവസങ്ങളായി ഷൂട്ടിങിന്റെ ഭാഗമായി കേരളത്തിലുണ്ട് സണ്ണി ലിയോണ്‍. അവര്‍ കുടുംബ സമേതമാണ് കേരളത്തിലെത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്‍. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ ഉദ്ഘാടനത്തിന് പങ്കെടുക്കാം എന്ന് കാണിച്ച്‌ 29 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചു എന്നാണ് പരാതി. 2016ന് ശേഷം 12 തവണകളായിട്ടാണ് ഇത്രയും തുക തട്ടിയതത്രെ.

എന്നാല്‍ പരിപാടികള്‍ റദ്ദാക്കിയതു കൊണ്ടാണ് പങ്കെടുക്കാത്തതെന്നാണ് സണ്ണി ലിയോണിന്റെ മറുപടി. ഇക്കാര്യം ക്രൈംബ്രാഞ്ച് പരിശോധിക്കും. അഥിന് ശേഷമാകും കേസ് എടുക്കലിലും മറ്റും തീരുമാനം എടുക്കുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം. പരാതിക്കാരന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കേരളത്തില്‍ പലതവണ എത്തിയിട്ടുണ്ട് സണ്ണി ലിയോണ്‍. നേരത്തെ കൊച്ചിയില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അവര്‍ വന്നപ്പോള്‍ വന്‍ ജനക്കൂട്ടമാണ് എതിരേറ്റത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. പിന്നീട് മമ്മൂട്ടി ചിത്രത്തിലെ ഗാനത്തിന്റെ ഷൂട്ടിങിനും അവര്‍ കേരളത്തിലെത്തി.

ഇപ്പോള്‍ സ്വകാര്യ ചാനലിലെ ഷൂട്ടിങിനാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയതത്രെ. ഭര്‍ത്താവും കുട്ടികളും ഒപ്പമുണ്ട്. ഈ മാസം പകുതി വരെ കേരളത്തിലുണ്ടാകുമെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2