സുധീര്‍കുമാര്‍ ചൗധരിയെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെപ്പോലെയാണ് സുധീറിനെ ആരാധകരും ഇന്ത്യന്‍ ടീമും തന്നെ കാണുന്നത്. ദേഹത്ത് ത്രിവര്‍ണം പൂശി സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരും പ്രസിദ്ധമായ ജേഴ്‌സി നമ്ബറുമായി എത്തുന്ന സുധീര്‍, എവിടെ ഇന്ത്യയുടെ മത്സരം നടന്നാലും അവിടെ ഇന്ത്യന്‍ പതാകയുമായി എത്തും. ഇന്ത്യയുടെ മത്സരം കണ്ടില്ലെങ്കില്‍ സുധീറിന് എന്തോപോലെയാണ്.

കോവിഡ് കാരണം സ്റ്റേഡിയത്തിലേക്ക് ആളുകള്‍ക്ക് വിലക്കുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം സുധീര്‍ കണ്ടു, ഒരു മലമുകളില്‍ നിന്ന്. പൂനെയിലെ ഒരു കുന്നിന്‍ മുകളില്‍ നിന്നാണ് അദ്ദേഹം ഇന്ത്യയുടെ മത്സരം വീക്ഷിച്ചത്.

ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം 66 റണ്‍സിനായിരുന്നു. ഏഴ് വിക്കറ്റിന് 317 റണ്‍സെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടര്‍ന്ന ഇം​ഗ്ലണ്ടിന് 251 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ ലീഡ് നേടി.ഓപ്പണര്‍ ശിഖര്‍ ധവാന്‍ (98 റണ്‍സ്) മുന്നില്‍ നിന്ന് നയിച്ച ബാറ്റിങ്ങും, അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാല് വിക്കറ്റ് പിഴുത പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റെടുത്ത ശ്രദുല്‍ താക്കൂറൂം നയിച്ച ബൗളിങ്ങിനും മുന്നില്‍ ഇം​ഗ്ലണ്ടിന് വിജയം അപ്രാപ്യമാവുകയായിരുന്നു. ഇം​ഗ്ലണ്ടിനായി ബെയര്‍സ്റ്റോയും (66 പന്തില്‍ 94) ജെയ്സണ്‍ റോയും (35 പന്തില്‍ 46) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2