തിരുവനന്തപുരം: കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. ഡി സി സി തലത്തിലെ പുന:സംഘടനായാണ് കെ സുധാകരന് മുന്നിലുളള ആദ്യത്തെ അജണ്ട. നിലവില്‍ എല്ലാ ജില്ലകളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഡി സി സി അദ്ധ്യക്ഷ പദവി പങ്കിട്ടിരിക്കുന്നത്. സംസ്ഥാനത്തെ ഒമ്ബത് ഡി സി സി കള്‍ ഐ ഗ്രൂപ്പിനും അഞ്ച് ഡി.സി.സികള്‍ എ ഗ്രൂപ്പിനുമാണ്.

ഗ്രൂപ്പിന് പകരം പ്രവര്‍ത്തന മികവായിരിക്കും പുതിയ അദ്ധ്യക്ഷന്മാരെ കണ്ടെത്തുമ്ബോള്‍ പ്രധാന മാനദണ്ഡമായി പരിഗണിക്കുക. അദ്ധ്യക്ഷന്മാരെ കണ്ടെത്തുന്നതിനുളള നടപടികള്‍ക്ക് അഞ്ചംഗ പ്രത്യേക സമിതിയായിരിക്കും ചുക്കാന്‍ പിടിക്കുക. ജില്ലാ അടിസ്ഥാനത്തില്‍ സി പി എം നേതാക്കളോട് കിടപിടക്കാന്‍ കഴിയുന്നവരാണ് ഉണ്ടാകേണ്ടതെന്നാണ് കെ.സുധാകരന്‍ മുന്നോട്ട് വയ്‌ക്കുന്ന നിര്‍ദേശം. സ്ഥാനമൊഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശക്തരായ വനിതകളും എത്തിയേക്കുമെന്നാണ് വിവരം. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ തഴയപ്പെട്ടെന്ന വിമര്‍ശനം ശക്തമായിരുന്നു. അടിമുടി പൊളിച്ചെഴുത്തെന്ന ലക്ഷ്യത്തില്‍ സ്ത്രീകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന തരത്തിലാണ് നിലവിലെ ചര്‍ച്ചകള്‍. മൂന്ന് വനിതകള്‍ വരെ ഇക്കുറി ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നും അണിയറ സംസാരമുണ്ട്. നിലവില്‍ കൊല്ലം ജില്ലയില്‍ മാത്രമാണ് കോണ്‍ഗ്രസിനെ വനിത നയിക്കുന്നത്. കൊല്ലത്ത് ബിന്ദുകൃഷ്‌ണ തന്നെ അദ്ധ്യക്ഷസ്ഥാനത്ത് തുടരാനാണ് നേതൃത്വത്തിന് താത്പര്യംതിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് വനിതകളെ പരിഗണിച്ചേക്കുക.

ജില്ലാ തലത്തില്‍ അറിയപ്പെടുന്ന, എല്ലാ മണ്ഡലങ്ങളിലും പേരിനെങ്കിലും സ്വാധീനമുളള നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കും.മാദ്ധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കാനും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുളളവരുമായ നേതാക്കളേയും പരിഗണിക്കും. ജനപ്രതിനിധികളേയും ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. യുവാക്കള്‍ക്ക് പ്രാധാന്യമുളള പട്ടികയായിരിക്കും അവസാനനിമിഷം പുറത്തുവരിക.

ജനപ്രതിനിധികള്‍ സംഘടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതില്ല എന്ന നിര്‍ദേശം അട്ടിമറിച്ചാണ് കെ പി സി സി അദ്ധ്യക്ഷനേയും വര്‍ക്കിംഗ് പ്രസിഡന്‍റുമാരേയും നിയോഗിച്ചത്. ഇതോടെ ഡി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എം പിമാരും എം എല്‍ എമാരും എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.അദ്ധ്യക്ഷ പദവികളില്‍ തങ്ങളുടെ ചേരികളിലുളളവര്‍ക്ക് സ്ഥാനം നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍ അവസനാനിമിഷം വരെ കടുംപിടിത്തം പിടിച്ചേക്കാനാണ് സാദ്ധ്യത.

ലതിക സുഭാഷ് രാജിവച്ച ഒഴിവില്‍ മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്കും ഒരാളെ കണ്ടെത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആലപ്പുഴയിലും കൊച്ചിയിലുമായുളള രണ്ട് വനിതാ നേതാക്കളെയാണ് അദ്ധ്യക്ഷസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.