കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതരുടെ വെള്ളപ്പൊക്ക നിവാരണ പദ്ധതി ഫലം കണ്ടു. വിമാനത്താവളത്തിലേക്ക് വെളളം എത്താതിരിക്കാനും അപകടം ഒഴിവാക്കാനും കോടികള്‍ മുടക്കിയായിരുന്നു സിയാലിന്റെ പ്രവര്‍ത്തനം. ഇത്തവണ മഴ കനത്തുപെയ്തിട്ടും വിമാനത്താവളത്തിലേക്ക് വെളളം എത്താതിരുന്നത് പദ്ധതിയുടെ വിജയമാണെന്ന് സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

രണ്ട് പ്രളയങ്ങള്‍ സൃഷ്ടിച്ച ആഘാതം മുന്‍നിര്‍ത്തി സമീപ പ്രദേശത്തെ ഗ്രാമങ്ങളെയും പുഴകളെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമഗ്ര വെള്ളപ്പൊക്ക നിവാരണ പദ്ധതിയാണ് സിയാല്‍ നടപ്പിലാക്കിയത്. ഇതിനായി 129 കോടിയിലധികം രൂപ സിയാല്‍ ചെലവിടുന്നു. പദ്ധതിയുടെ 80 ശതമാനത്തോളം പൂര്‍ത്തിയായപ്പോള്‍ തന്നെ ഇക്കുറി വെളളപ്പൊക്കം ഇല്ലാതാക്കാനായി എന്നതിന്റെ ആശ്വാസത്തിലാണ് കൊച്ചി വിമാനത്താവളം ഇപ്പോള്‍.

പെരിയാറിലേയ്ക്കും തിരിച്ചും ജലം ഒഴുക്കുന്ന ചെങ്ങല്‍തോടില്‍ നാല് പാലങ്ങളാണ് സിയാല്‍ പണികഴിപ്പിച്ചത്. ഇതില്‍ രണ്ടെണ്ണം കഴിഞ്ഞ മാസം തന്നെ പൂര്‍ത്തിയായി. ഇതോടെ ചെങ്ങല്‍തോടില്‍ തടസ്സം സൃഷ്ടിച്ചുനിന്ന തടയണങ്ങള്‍ മാറുകയും വന്‍തോതില്‍ ജലം ഒഴുക്കിക്കളയുന്ന സംവിധാനം ഉണ്ടാവുകയും ചെയ്തു. ചെത്തിക്കോട്, തുറവുങ്കര ഭാഗത്താണ് മറ്റ് രണ്ട് പാലങ്ങള്‍. ഈ മാസത്തോടെതന്നെ അവയുടെ നിര്‍മാണവും പൂര്‍ത്തിയാകും.

വെള്ളപ്പാക്ക നിവാരണ പദ്ധതിയുടെ ഏറ്റവും പ്രധാന ഭാഗമാണ് ഡൈവേര്‍ഷന്‍ കനാല്‍. ഇത്തവണ വന്‍തോതില്‍ ജലം വന്നെങ്കിലും ഡൈവേര്‍ഷന്‍ കനാലിന്റെ സാന്നിധ്യം കൊച്ചി വിമാനത്താവളത്തിന് ആശ്വാസമായി. 2018ലെ മഹാപ്രളയത്തില്‍ ദിവസങ്ങളോളമാണ് വിമാനത്താവളം അടച്ചിടേണ്ടിവന്നത്. 2019ലും വെളളപ്പൊക്കം കാരണം മൂന്ന് ദിവസത്തോളം വിമാനത്താവളം അടച്ചിടേണ്ടിവന്നിരുന്നു. ഇത് സിയാലിന് വലിയ നഷ്ടമാണുണ്ടാക്കിയത്. ഈ അവസ്ഥയുണ്ടാകാതിരിക്കാനാണ് 129 കോടി രൂപ മുടക്കി സമഗ്ര വെള്ളപ്പൊക്ക നിവാരണ പദ്ധതി ആസൂത്രണം ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2