തിരുവനന്തപുരം:ഓണ്‍ലൈന്‍ പഠനത്തിന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് കുറഞ്ഞ ചെലവിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി പ്രത്യേക സ്കീം തയ്യാറാക്കാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.സംസ്ഥാനത്തെ മുഴുവന്‍ പ്രദേശത്തും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി നാല് ദിവസത്തിനകം പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കും. കോവിഡിന്റെ മൂന്നാം തരംഗവും പ്രതീക്ഷിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ പഠനം കുറച്ചുകാലം തുടരേണ്ടി വരും.

പട്ടികവര്‍ഗ വിഭാഗത്തില്‍ 86,423 കുട്ടികളുണ്ട്. ഇതില്‍ 20,493 പേര്‍ക്ക് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ട് ക്ലാസ് നല്‍കാനാകുന്നില്ല. പട്ടികവര്‍ഗ കോളനികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അത് ഉറപ്പ് വരുത്തണം. ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം സാധ്യമായ ഇടങ്ങളിലെല്ലാം നല്‍കണം. വൈ-ഫൈ കണക്ഷന്‍ നല്‍കുന്നതിനുള്ള മൊബൈല്‍ ടവറുകളും മറ്റ് സംവിധാനങ്ങളുമൊരുക്കണം. യോഗത്തില്‍ എല്ലാ സേവന ദാതാക്കളും അനുഭാവപൂര്‍വം സംസാരിച്ചത് സര്‍ക്കാരിന് കരുത്ത് പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, വി ശിവന്‍കുട്ടി, പ്രൊഫ. ആര്‍ ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവരും ബിഎസ്‌എന്‍എല്‍, ടെലികമ്യൂണിക്കേഷന്‍ വകുപ്പ്, ബിബിഎന്‍എല്‍, വൊഡാഫോണ്‍, ഭാരതി എയര്‍ടെല്‍, ടാറ്റാ കമ്യൂണിക്കേഷന്‍, റിലയന്‍സ് ജിയോ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എടിസി ടെലകോം, ഇന്‍ഡസ് ടവേഴ്സ് ലിമിറ്റഡ്, കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group