തിരുവനന്തപുരം: സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിട നിര്‍മാണ അനുമതിക്ക് അപേക്ഷിക്കുമ്ബോള്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് കണ്ടെത്തിയാല്‍ വന്‍ പിഴ ഈടാക്കും. ലൈസന്‍സി, ആര്‍കിടെക്‌ട്, കെട്ടിട ഉടമ എന്നിവര്‍ തെറ്റായ വിവരം നല്‍കിയതായി പിന്നീട് കണ്ടെത്തിയാലാണ് വന്‍ തുക പിഴയായി ഈടാക്കുക. ലൈസന്‍സും റദ്ദാക്കും.

100 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും 200 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും 300 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതവുമാണ് പിഴ.

പഞ്ചായത്ത് നിയമത്തില്‍ 235 കെഎ എന്ന വകുപ്പും മുനിസിപ്പല്‍ നിയമത്തില്‍ 392 എ എന്ന വകുപ്പും കൂട്ടിച്ചേര്‍ത്ത് 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്‌ട്, കേരള പഞ്ചായത്ത് രാജ് ആക്‌ട് എന്നിവ ഭേദഗതി ചെയ്യാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുന്നത് ഇനി പറയുന്നവയ്ക്കാണ്.

  • ഏഴ് മീറ്ററില്‍ കുറവ് ഉയരമുള്ള രണ്ട് നില വരെയുള്ള 300 ചതുരശ്ര മീറ്ററില്‍ കുറവായ വാസ ഗൃഹങ്ങള്‍.
  • ഏഴ് മീറ്ററില്‍ കുറവായ ഉയരമുള്ള രണ്ട് നിലവരെയുള്ള 100 ചതുരശ്ര മീറ്ററില്‍ കുറവായ വിസ്തീര്‍ണത്തോടു കൂടിയ വാണിജ്യ കെട്ടിടങ്ങള്‍
  • അപകട സാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങള്‍.
  • ഏഴ് മീറ്ററില്‍ കുറവായ ഉയരമുള്ള രണ്ട് നിലവരെയുള്ള 200 ചതുരശ്ര മീറ്ററില്‍ കുറവായ വിസ്തീര്‍ണത്തോടു കൂടിയ ഹോസ്റ്റല്‍, അനാഥാലയങ്ങള്‍, ഡോര്‍മിറ്ററി, വൃദ്ധസദനം, സെമിനാരി, മതപരവും ദേശസ്‌നേഹപരവുമായ ആവശ്യങ്ങള്‍ക്കു വേണ്ടി ആളുകള്‍ സമ്മേളിക്കുന്ന കെട്ടിടങ്ങള്‍.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2