തിരുവനന്തപുരം : അഭിമുഖത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് പോലും ജോലി ലഭിക്കുന്ന സംസ്ഥാനത്തില്‍ പഠിച്ച് , റാങ്ക് വാങ്ങി എന്നൊരു തെറ്റ് മാത്രമേ ലയ അടക്കമുള്ള പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ ചെയ്തുള്ളൂ . അതിന്റെ പേരില്‍ ഇന്ന് നടുറോഡില്‍ മണ്ണെണ്ണ ഒഴിച്ച് നില്‍ക്കേണ്ട ഗതികേടിലാണ് . ഇത് പിഎസ്സി ഉദ്യോഗാര്ഥികള്ക്കല്ലാതെ മറ്റാര്‍ക്കും ഉണ്ടാവില്ലെന്ന് കരഞ്ഞ് പറയുകയാണ് ലയ. സെക്രട്ടറിയേറ്റിന്റെ വാതില്ക്കല് കിടന്ന് ഉരുളാനും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താനും ആര്‍ക്കും ആഗ്രഹമുണ്ടായിട്ടല്ല. ജീവന് കളഞ്ഞിട്ടായാലും മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്നുവെങ്കില്‍ ആകട്ടെയെന്ന് കരുതിയാണ് അതിനു തയ്യാറായത് .
പിഎസ്സി ലിസ്റ്റിന്റെ ശോചനീയാവസ്ഥ ഞങ്ങള്‍ അറിയിക്കാത്ത മന്ത്രിമാരില്ല, എംഎല്‍എമാരില്ല. എന്നിട്ടും ആരും ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. ഒരു ജോലിക്കായി മന്ത്രിമാരുടെയും എംഎല്‍എമാരുടെയും എന്തിന് പാര്‍ട്ടി സെക്രട്ടറിയുടെ വരെ കാല് പിടിക്കണം – ലയ പറയുന്നു: ഇത് ഒരു രാഷ്ട്രീയ പോരാട്ടം അല്ല. ജീവന് വച്ചിട്ടുള്ള പോരാട്ടമാണ്. ജീവിതത്തിന്റെ അറ്റം കണ്ടുകഴിഞ്ഞു. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നിട്ട് ഇവിടെ വന്ന് സമരം ചെയ്യുന്നത് ജോലിക്ക് വേണ്ടിയിട്ടാണ്. ഇനി കൂലിപ്പണിക്ക് പോകേണ്ടിവന്നാലും ഇനിയൊരു പരീക്ഷ എഴുതില്ല. അത്രയ്ക്ക് മടുത്തു കഴിഞ്ഞു .
പല ജില്ലകളില്‍ നിന്ന് വന്ന് റോഡിലിരുന്നും ശയനപ്രദക്ഷിണം നടത്തിയും മരിക്കാന്‍ വരെ തയ്യാറായാണ് നില്‍ക്കുന്നത്. ഏത് സര്‍ക്കാര്‍ ആണെങ്കിലും ഞങ്ങള്‍ സമരം ചെയ്യുമെന്നും ലയ പറയുന്നുഎന്നിട്ടും ഞങ്ങളുടെ മനോവിഷമം കണ്ടില്ലെന്ന് നടിച്ച് നില്‍ക്കുന്നവരെ ഇതില്പരം എന്താണ് പറഞ്ഞ് മനസിലാക്കേണ്ടത്. നിങ്ങളോരോരുത്തരും മനുഷ്യരല്ലേ. ഒരു റാങ്ക് ലിസ്റ്റില്‍ വന്നാല്‍ ജോലി കിട്ടിയെന്ന് പ്രതീക്ഷിക്കുന്നവരാണ് നമ്മുടെ നാട്ടുകാര്‍. 2000 പേരുള്ള റാങ്ക് ലിസ്റ്റില്‍ പകുതിപ്പേര്‍ക്ക് പോലും ജോലി നല്കാനാകുന്നില്ലെങ്കില് പിന്നെ എന്തിനാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്?ലയ പറയുന്നു
സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം നടന്നിരുന്നു . സെക്രട്ടറിയേറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യാശ്രമവും നടത്തി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട റിജു, ദീപു എന്നീ രണ്ടു ഉദ്യോഗാര്‍ഥികളാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉദ്യോഗാര്‍ഥികളെ മാറ്റാന്‍ പോലീസ് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്സെത്തി മണ്ണെണ്ണ കഴുകിയതിനു ശേഷം ഉദ്യോഗാര്‍ഥികളെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി