ചെന്നൈ: വരുന്ന 18 നു ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്‍. ക്രിക്കറ്റിന്റെ താര ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ആകെ 1097 (814 ഇന്ത്യക്കാരും 283 വിദേശീയരും) കളിക്കാരാണു ഭാഗ്യപരീക്ഷണത്തിനുള്ളത്.
ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തും രജിസ്റ്റര്‍ ചെയ്വരിലുണ്ട്്. ഓസ്ട്രേലിയയുടെ മുന്‍നിര പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്, ഇംഗ്ലണ്ട് നായകന് ജോ റൂട്ട് എന്നിവര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. രജിസ്റ്റര്‍ ചെയ്ത 1097 താരങ്ങളില്‍ 814 പേര് ഇന്ത്യക്കാരാണ്. ശേഷിച്ച 283 പേരാണ് വിദേശത്തു നിന്നുള്ളത്. 186 താരങ്ങള്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യക്കായി കളിച്ച 21 പേരും ഈ കൂട്ടത്തിലുണ്ട്. അസോസിയേറ്റ് രാജ്യങ്ങളിലെ 27 കളിക്കാരും ലേലത്തില്‍ നറുക്കുവീഴുമെന്ന പ്രതീക്ഷയിലാണ്. എട്ട് ഫ്രാഞ്ചൈസികള്‍ക്കും പരമാവധി 25 താരങ്ങളെ വീതം ഉള്‍പ്പെടുത്താം. 18 നു വൈകിട്ട് മൂന്നു മണിക്കാണു താരലേലം ആരംഭിക്കുക. ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാനിടയുള്ള താരമാവുമെന്ന് പലരും ചൂണ്ടിക്കാട്ടിയ കളിക്കാരനായിരുന്നു സ്റ്റാര്‍ക്. അദ്ദേഹം രജിസ്റ്റര്‍ ചെയ്യാത്തതില്‍ വ്യക്തതയില്ല. കഴിഞ്ഞ സീസണിലും സ്റ്റാര്‍ക് ഐ.പി.എല്ലില്‍ കളിച്ചിരുന്നില്ല. ട്വന്റി20 ലോകകപ്പില്‍ ഓസ്ട്രേലിയക്കു വേണ്ടി തയാറെടുക്കുന്നതിനായി മാറിനില്ക്കുകയാണെന്നായിരുന്നു സ്റ്റാര്‍കിന്റെ വിശദീകരണം. ശ്രീശാന്ത് ലേലത്തിലുണ്ടാവുമെന്ന് ഉറപ്പായിരുന്നു. അദ്ദേഹത്തിന്റെ അടിസ്ഥാന വില 75 ലക്ഷം രൂപയായിരിക്കുമെന്നാണു സൂചന. ഏഴു വര്‍ഷത്തെ വിലക്കിനു ശേഷം അടുത്തിടെയാണു ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. സയ്ദ് മുഷ്താഖ് അലി ട്വന്റി20 യില്‍ കേരളത്തിനു വേണ്ടി കളിച്ചായിരുന്നു മടങ്ങിവരവ്. ലേലത്തില്‍ തനിക്കു വേണ്ടി ഏതെങ്കിലും ഫ്രാഞ്ചൈസി വരുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. 2013 ലായിരുന്നു ശ്രീശാന്ത് അവസാനം ഐ.പി.എല്ലില്‍ കളിച്ചത്. രാജസ്ഥാന് റോയല്‍സിന്റെ താരമായിരിക്കേയാണ് ഒത്തുകളി വിവാദത്തിന്റെ പേരില്‍ അറസ്റ്റും വിലക്കും നേരിട്ടത്.
കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ബി.സി.സി.ഐ. വിലക്ക് നീക്കിയില്ല. നിയമപോരാട്ടം നടത്തിയാണ് ശ്രീശാന്ത് വിലക്ക് നീക്കിയത്. ഇത്തവണത്തെ ലേലത്തില്‍ ഏറ്റവുമധികം വിദേശ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വെസ്റ്റിന്‍ഡീസില്‍ നിന്നാണ്. 56 കളിക്കാരാണു വന്നിരിക്കുന്നത്.
ഓസ്ട്രേലിയ 42 കളിക്കാരുമായി രണ്ടാംസ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക (38), ശ്രീലങ്ക (31), അഫ്ഗാനിസ്താന് (30), ന്യൂസിലന്‍ഡ് (29), ഇംഗ്ലണ്ട് (21) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.