ഭരണത്തിൻറെ ആദ്യനാളുകളിൽ പിണറായി വിജയൻ ഐഎഎസ്   ലോബിയെ വെല്ലുവിളിച്ചിരുന്നു, അവരെ പരിധിക്ക് നടത്താൻ  ശ്രമിച്ചിരുന്നു.എന്നാൽ അദ്ദേഹം പരാജയപ്പെടുകയാണ് ഉണ്ടായത്.  എന്നാൽ ഇപ്പോൾ അവരുടെ  വക്താവും സംരക്ഷകനും ആണ് കേരള മുഖ്യമന്ത്രി.പിണറായി വിജയൻറെ നിർദ്ദേശമനുസരിച്ച്  ഭരണ സർവീസിൽ ഉള്ളവരുടെ  അഴിമതിക്കഥകൾ തേടിയിറങ്ങിയ സത്യസന്ധനായ ജേക്കബ് തോമസ്  എന്ന ഡിജിപി  അപമാനിതനായി സർവീസിൽ നിന്ന്  റിട്ടയർ ചെയ്തു. കെ എം എബ്രഹാം, ടോം ജോസ് തുടങ്ങിയ മുതിർന്ന ഐഎഎസ്കാർ റിട്ടയർമെൻറ്നു ശേഷവും അനേക ലക്ഷങ്ങൾ പൊതുഖജനാവിൽനിന്ന് ശമ്പളം വാങ്ങി  വെള്ളാനകൾ  ആയി തുടരുന്നു.  ഇതിനേക്കാൾ ഗൗരവപൂർവം  ചർച്ച ചെയ്യേണ്ട വിഷയമാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ  മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ കേസ് അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളും ആ ശ്രമങ്ങൾക്ക് കുടപിടിക്കുന്ന സർക്കാർ നീക്കങ്ങളും. കോവിഡ്  പടർന്നു തുടങ്ങിയ കാലത്താണ് സസ്പെൻഷനിൽ ആയിരുന്ന  ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ ജോയിൻറ് സെക്രട്ടറിയായി പുനർ നിയമിച്ചത്.

എന്താണ് വിവാദം: 

ആരോഗ്യ പ്രവർത്തകരുടെയും ആശുപത്രി അധികൃതരുടെയും  മൊഴികൾക്ക് നിർണായക പ്രാധാന്യമുള്ള കേസാണ് ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസ്. അമിതവേഗത്തിൽ പോയിരുന്ന വാഹനം അപകടത്തിൽ പെട്ടപ്പോൾ  ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾക്ക്  പറ്റുന്നതിന്  സമാനമായ പരിക്കുകളാണ്  ശ്രീരാം വെങ്കിട്ടരാമന് ഉള്ളത്  എന്ന മൊഴിയും, അതിനെ qസാധൂകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട്, രക്ത പരിശോധനക്ക്  ശ്രീരാം വെങ്കട്ടരാമൻ വിസമ്മതിച്ചു എന്ന മൊഴിയും  കേസിലെ വിചാരണയിൽ നിർണായകമാണ്. ആരോഗ്യവകുപ്പിലെ ഉന്നതപദവിയിൽ ശ്രീറാം ഇരിക്കുമ്പോൾ ഈ മൊഴികൾ അട്ടിമറിക്കപ്പെടും എന്ന ബഷീറിൻറെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംശയിക്കുന്നു.ഈ സർക്കാരിൻറെ കാലത്ത് നടന്ന പല സംഭവങ്ങളും ഈ സംശയങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്നുണ്ട്.

മാധ്യമപ്രവർത്തകൻ കെഎം ബഷീറിൻറെ മരണം: അന്നത്തെ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തത്. 

2019 ഓഗസ്റ്റ് മൂന്നിന് വെളുപ്പിനെ ആണ് കെ എം ബഷീർ കൊല്ലപ്പെട്ടത്.  സംഭവം നടന്ന ഉടനെ തന്നെ കേസ് അട്ടിമറിക്കുന്ന രീതിയിലാണ് പോലീസ്  നീങ്ങിയത്. വണ്ടി ഓടിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്.  സ്റ്റേഷനിലെത്തിച്ച വഫാ  ഫിറോസിനെ പോലീസ് ചോദ്യം പോലും ചെയ്യാതെ വിട്ടയക്കുകയായിരുന്നു. ദൃക്സാക്ഷി മൊഴികൾ പ്രകാരം  ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന വണ്ടി  അമിതവേഗത്തിൽ വന്നു ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.വണ്ടിയിൽ നിന്ന് ഇറങ്ങിയ  ശ്രീറാം കാലുകൾ  നിലതുറപ്പിക്കാൻ പോലും കഴിയാത്തത്ര ലഹരിയിലായിരുന്നു എന്നും  വ്യക്തമാണ്. സംഭവം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിന് രക്ത പരിശോധനക്ക് പോലും വിധേയമാക്കുന്നത്. അതിനിടയിൽ അദ്ദേഹം ഡയാലിസിസ് നടത്തി രക്തം മാറ്റി എന്നും ആരോപണമുണ്ട്. 


വിഷയം വലിയ മാധ്യമ ശ്രദ്ധ നേടിയതോടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീറാം വെങ്കിട്ടരാമനെതിരെ പോലീസ് കേസെടുത്തത്. വിചാരണ  നടപടികൾ മനപൂർവ്വം വൈകിപ്പിക്കാൻ  ഉള്ള ശ്രമങ്ങളും സജീവമാണ്. രണ്ടു തവണ സമൻസ് അയച്ചിട്ടും പ്രതികൾ കോടതിയിൽ ഹാജരാകാൻ കൂട്ടാക്കിയിട്ടില്ല.

ഐഎഎസ്സുകാരൻ ആണെങ്കിൽ ആരെയും മദ്യലഹരിയിൽ വണ്ടി ഇടിച്ചു കൊല്ലുവാനും, പരസ്യമായി  സ്വർണ്ണക്കടത്ത് നടത്തുവാനും എല്ലാമുള്ള ലൈസൻസ് ഉണ്ട് എന്ന നിലയിലാണ് കേരളത്തിലെ കാര്യങ്ങൾ എന്നത് അപലപനീയമാണ്. ശ്രീറാം വെങ്കിട്ടരാമനും, ശിവശങ്കറും  എല്ലാം മലയാളിയുടെ സ്വൈര്യ  ജീവിതത്തിനും,സുരക്ഷയ്ക്കും  അപകടകാരികളാണ്. സ്വപ്നയും ശിവശങ്കറും തമ്മിലും, ശ്രീറാം വെങ്കിട്ടരാമനും  വഫാ ഫിറോസും തമ്മിലും  ഉള്ള അവിഹിതബന്ധങ്ങൾ അവരുടെ സ്വകാര്യത ആയിരിക്കാം പക്ഷേ  ഈ രഹസ്യകാരികൾ തലസ്ഥാനനഗരിയിലെ വമ്പൻ ഡീലുകൾക്ക് മധ്യവർത്തികൾ ആകുമ്പോൾ  ഇവിടെ അപകടത്തിൽ ആകുന്നത് ജനാധിപത്യമാണ്,മനുഷ്യ ജീവനാണ്, ചിലപ്പോഴൊക്കെ രാജ്യസുരക്ഷയും.ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ ഇവരെ സംരക്ഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  കോവിഡിനെകാൾ മലയാളികൾ ഭയപ്പെടേണ്ടത് ഇവരെല്ലാം ആണ് നമ്മെ ഭരിക്കുന്നത് എന്ന  യാഥാർത്ഥ്യത്തെ ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2