പാലായിലെ ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു എന്ന് സൂചന. ജോസ് കെ മാണിയുടെ ഇലക്ഷൻ തോൽവിയെ കുറിച്ച് പഠിക്കാൻ വന്നതാണ് എന്ന് പറഞ്ഞ് പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ഭവന സന്ദർശനങ്ങൾ നടത്തി തുടങ്ങി. കരൂർ പഞ്ചായത്തിൽ ആണ് പ്രധാനമായും സന്ദർശനങ്ങൾ നടക്കുന്നത്. ഈ പാർട്ടി അന്വേഷണം ദീർഘകാലമായി കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്ന ഫിലിപ്പ് കുഴികുളത്തെ ലക്ഷ്യമിട്ട് ഉള്ളതാണ് എന്നാണ് ലഭിക്കുന്ന വിവരം.

കരൂർ പഞ്ചായത്ത് കേരള കോൺഗ്രസ് ശക്തി കേന്ദ്രമാണ്. ഫിലിപ്പ് കുഴികുളം കരൂർ പഞ്ചായത്ത് സ്വദേശിയാണ്. കെ എം മാണി മത്സരിക്കുമ്പോൾ പാലായിൽ നിന്ന് ഏറ്റവുമധികം ഭൂരിപക്ഷം നൽകിവന്നിരുന്ന കരൂർ പഞ്ചായത്തിൽ ഇത്തവണ ജോസ് കെ മാണി പുറകിൽ പോയിരുന്നു. സിപിഎമ്മിലെ ഒരു വിഭാഗവും ഫിലിപ്പ് കുഴികുളവും ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന ആക്ഷേപവും ജോസിനോട് അടുപ്പമുള്ള ചില നേതാക്കൾ ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം നിയോജകമണ്ഡലം പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറണമെന്ന് ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ കമ്മീഷൻ കുഴികുളത്തിനെ തെറിപ്പിക്കാൻ ഉള്ള ഒരു ഉപാധി മാത്രമാണ് എന്ന അടക്കം പറച്ചിലുകൾ ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്. 2019 ഉപതെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചപ്പോൾ കുഴികുളം പ്രതിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹമാണ് ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് ആദ്യഘട്ടത്തിൽ കരുക്കൾ നീക്കിയത്. ജില്ലയിലെ തന്നെ പ്രമുഖ സഹകാരികളിൽ ഒരാളായ കുഴികുളം വി എൻ വാസവനോട് ഏറെ ആത്മബന്ധം പുലർത്തുന്ന വ്യക്തിയാണ്. വി എൻ വാസവൻ പ്രത്യേക താല്പര്യം എടുത്താണ് കോട്ടയം ജില്ലയിൽ നിന്നുള്ള പ്രതിനിധിയായി അദ്ദേഹത്തെ കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ എത്തിച്ചത് എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഫിലിപ്പ് കുഴികുളം കെ എം മാണിയുടെ ഏറ്റവും വിശ്വസ്തരായ വരുടെ പട്ടികയിലുള്ള വ്യക്തിയായിരുന്നു. എന്നാൽ ജോസ് കെ മാണിക്ക് തന്നോട് നൂറുശതമാനം വിശ്വസ്തത പുലർത്തുന്ന ഒരാളെ പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് പദവിയിൽ എത്തിക്കാൻ ആണ് താല്പര്യം. കേരള കോൺഗ്രസുകളുടെ ശക്തികേന്ദ്രം എന്ന് പറയപ്പെടുന്ന പാലായിൽ പാർട്ടിയുടെ നിയോജകമണ്ഡലം പ്രസിഡൻറ് പദവിയിൽ ഇരിക്കുക എന്നത് സംസ്ഥാന ഭാരവാഹി ആകുന്നതിനേക്കാൾ ശക്തിയുള്ള പദവിയായാണ് കെഎം മാണിയുടെ നാളുകളിൽ കണക്കാക്കപ്പെട്ടിരുന്നത്. അതിനാൽ തന്നെ തൻറെ ഏറ്റവും വിശ്വസ്തനായ മണ്ഡലം പ്രസിഡൻറ് ടോബിൻ കെ അലക്സിനെ നിയോജക മണ്ഡലം പ്രസിഡണ്ട് പദവിയിൽ എത്തിക്കാനാണ് ജോസ് കെ മാണി താൽപര്യപ്പെടുന്നത് എന്നും ചില കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.