ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ഇടക്കാല അധ്യക്ഷ സ്ഥാനത്തു നിന്നും സോണിയ ഗാന്ധി രാജിവെച്ചേക്കും എന്ന് റിപ്പോർട്ടുകൾ. ഈ വിവരം അവർ തൻറെ അടുത്ത അനുയായികളെ അറിയിച്ചു എന്നും നാളെ നടക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്നും ആണ് അറിയുന്നത്. കോൺഗ്രസിന് ഒരു സ്ഥിരം അധ്യക്ഷൻ വേണമെന്നും ഗാന്ധി കുടുംബത്തിൽ നിന്ന് ആരും തയ്യാറാവുന്നില്ല എങ്കിൽ അതിനു പുറത്തു നിന്ന് ഒരു അധ്യക്ഷനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. ബ്ലോക്ക് തലം മുതൽ എഐസിസി വരെ സുതാര്യമായ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും കത്തിലുണ്ട് എന്നറിയുന്നു.

രാഹുൽ,പ്രിയങ്ക എന്നിവർ പ്രസിഡൻറ് പദവിയിലേക്ക് വരാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ പുറത്തുനിന്ന് ഒരു പ്രസിഡണ്ടിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് കത്തിൽ ഒപ്പിട്ട പിജെ കുര്യൻ
സ്ഥിരീകരിച്ചു. മുകുൾ വാസ്നിക്, ശശി തരൂർ, മിലിന്ദ് ദിയോറ, ആനന്ദ് ശർമ, ഗുലാം നബി ആസാദ്, മനീഷ് തിവാരി എന്നീ മുതിർന്ന നേതാക്കൾ വിവാദ കത്തിൻറെ ഭാഗമാണ് എന്നാണ് വിവരങ്ങൾ പൊതു തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം ഉത്തരവാദിത്വമേറ്റെടുത്ത് രാജിവച്ച രാഹുൽ ഗാന്ധിക്ക് പാർട്ടിയിൽ ഒരു സമ്പൂർണ്ണ പൊളിച്ചെഴുത്ത് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇത് സാധ്യമാക്കാൻ കഴിയാത്തതിൽ അദ്ദേഹം അസ്വസ്ഥനാണ്. അധ്യക്ഷ പദവിയിലേക്ക് ഇല്ല എന്ന് രാഹുലും പ്രിയങ്കയും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

ചില മുതിർന്ന നേതാക്കളുടെ പല പ്രവർത്തികളിലും രാഹുൽഗാന്ധിക്ക് നീരസമുണ്ട്. അദ്ദേഹത്തിൻറെ വിശ്വസ്തരായ ജ്യോതിരാദിത്യ സിന്ധ്യയും,സച്ചിൻ പൈലറ്റും പുറത്തു പോകുവാൻ ഇടയാക്കിയ സാഹചര്യവും രാഹുൽഗാന്ധിക്ക് അമർഷം ഉണ്ടാകുവാൻ കാരണങ്ങളാണ്. എന്താണെങ്കിലും നാളത്തെ പ്രവർത്തക സമിതിയിൽ കത്ത് വിവാദം ചൂടു പിടിക്കും എന്ന് ഉറപ്പാണ്. അത് കോൺഗ്രസും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2