തിരുവനന്തപുരം: അമ്മയെ കൊന്നതിനു ശേഷം മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ), മകന്‍ വിപിന്‍ (32)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തരയ്‌ക്കായിരുന്നു സംഭവം. വിപിന്റെ ഭാര്യയെ മോഹനകുമാരി വഴക്ക് പറഞ്ഞതുമായുളള സംഭവത്തിന്റെ വിരോധമാണ് മകന്‍ അമ്മയെ കൊലപ്പെടുത്താന്‍ കാരണമായി കരുതുന്നത്.

മകന്‍ വീടിന് സമീപത്തെ പറമ്ബില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മോഹനകുമാരിയെ കൊലച്ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാരായമുട്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീടിനുളളില്‍ നിന്നും വിപിന്‍ എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്.

ഭാര്യ എങ്കിലും സമാധാനമായി ജീവിക്കട്ടെ എന്ന ആത്മഹത്യാകുറിപ്പിൽ കുറിച്ചു

ഭാര്യ സമാധാനമായി ജീവിക്കട്ടെ എന്നാണ് വിപിൻറെ ആത്മഹത്യാകുറിപ്പിൽ ഉള്ളതെന്ന് അറിയുന്നു. ഇയാളുടെ ഭാര്യയും അമ്മയും തമ്മിൽ നിരന്തരം കലഹങ്ങൾ ഉണ്ടായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്. ഇതിൽ പ്രകോപിതനായാണ് അമ്മയെ വധിച്ചതിനു ശേഷം ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക അനുമാനം. ഇയാളുടെ ഭാര്യയും കുഞ്ഞും വീട്ടിലില്ലാതിരുന്ന നേരത്താണ് സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2