തിരുവനന്തപുരം: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്‌എംഎ) ഉള്‍പ്പെടെ ചെലവേറിയ ചികിത്സകളുടെ ധനസഹായത്തിന് പൊതു മാര്‍ഗരേഖ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന വിലകൂടിയ മരുന്നുകള്‍ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്. അപൂര്‍വ രോഗം ബാധിച്ച 42 പേര്‍ സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. 250 മുതല്‍ 400 കോടി രൂപ ചെലവ് ഇതിന് പ്രതീക്ഷിക്കുന്നു. ഇവര്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്റെ ‘വി കെയര്‍’ പദ്ധതിവഴി ലഭിക്കുന്ന തുക ചികിത്സാ സഹായമായി നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ വഴിയും നേരിട്ടുമാണ് സംഭാവന സ്വീകരിക്കുന്നത്.അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രതിവര്‍ഷം 50 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതും കേന്ദ്രം നല്‍കിയ 1.50 കോടിയും മറ്റു സഹായങ്ങളുമുള്‍പ്പെടെ തുക ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിച്ചു. സിഎസ്‌ആര്‍ ഫണ്ട് സമാഹരിച്ച്‌ 50 ലക്ഷം രൂപ നിക്ഷേപിക്കുന്നതിനുള്ള നടപടിയുമായിട്ടുണ്ട്. മരുന്നിന്റെ ലഭ്യതയെക്കുറിച്ചും ചികിത്സയെക്കുറിച്ചും പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും എന്‍ ഷംസുദ്ദീന്റെ ഉപക്ഷേപത്തിന് മന്ത്രി മറുപടി നല്‍കി.