കട്ടപ്പന : തെരുവുനായയെ അടിച്ചു പരുക്കേല്‍പിച്ച ശേഷം കഴുത്തില്‍ കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ 51-കാരനെതിരെ കേസ്. കട്ടപ്പന കൈരളി ജംങ്ഷന്‍ മാണ്ടിയില്‍ ഷാബുവിന് എതിരെയാണ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കൈരളി ജംങ്ഷന്‍ മേഖലയില്‍ നായ ആക്രമിക്കാന്‍ എത്തിയപ്പോള്‍ പ്രതിരോധിച്ച ശേഷം കുരുക്കിട്ട് വലിച്ചു കൊണ്ടു പോകുകയായിരുന്നെന്ന് ഷാബു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാര്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന ദൃശ്യം നാട്ടുകാരനായ സിദ്ധാര്‍ഥ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സിദ്ധാര്‍ഥ് അടക്കമുള്ള ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു. സാരമായി പരുക്കേറ്റ നായയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച ശേഷം മരുന്നുകള്‍ നല്‍കി. പരാതിക്കാരായ രണ്ട് യുവാക്കളെ നായയുടെ സംരക്ഷണം താല്‍ക്കാലികമായി ഏല്‍പ്പിച്ചതായി പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2