കൊച്ചി: കന്യാസ്ത്രീയെ കോണ്‍വെന്റിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പാറമടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ കാക്കനാ‌ട് വാഴക്കാലയിലെ ഡോട്ടേഴ്സ് ഒഫ് സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസിയും ഇടുക്കി കീരിത്തോട് സ്വദേശിനിയുമായ സിസ്റ്റര്‍ ജെസീന തോമസ് (45) ആണ് മരിച്ചത്.
സഭയുടെ കീഴില്‍ കണ്ണൂരിലെ മഠത്തില്‍ അന്തേവാസിയായിരുന്ന ജെസീന 2018 ഡിസംബറിലാണ് വാഴക്കാലയില്‍ എത്തിയത്. ഇന്നലെ രാവിലെ പ്രഭാതഭക്ഷണത്തിന് മുന്‍പ് മറ്റ് കന്യാസ്ത്രീകള്‍ പ്രാര്‍ത്ഥനയ്ക്ക് വിളിച്ചപ്പോള്‍ ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ജെസീന വിട്ടുനിന്നു. പിന്നീട് ഉച്ചഭക്ഷണത്തിന് കാണാതായപ്പോഴാണ് തിരയാന്‍ തുടങ്ങിയതെന്നാണ് കോണ്‍വെന്റ് അധികൃതര്‍ പൊലീസിന് നല്‍കിയ വിവരം.
കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നവരെ ഇവരെ കാണാതായ വിവരം പൊലീസില്‍ അറിയിച്ചിരുന്നില്ല. ഇന്നലെ രാവിലെ 10 ന് ശേഷം മഠത്തില്‍ നിന്ന് കാണാതായ കന്യാസ്ത്രീയെ വൈകിട്ട് 6 മണിയോടെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇടവക വികാരിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതായി തൃക്കാക്കര പൊലീസ് പറഞ്ഞു.
കഴിഞ്ഞ 11 വര്‍ഷമായി ഇവര്‍ മാനസികരോഗത്തിന് ചികിത്സ തേടിവരികയായിരുന്നുവെന്ന് ആണ് വിശദീകരണം.വൈകിട്ട് ഇടവക വികാരിയുടെ നേതൃത്വത്തില്‍ ചിലര്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും മൃതദേഹം കണ്ടുകിട്ടിയെന്ന സന്ദേശവുമെത്തി. മൃതദേഹം കളമശേരിയിലെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. കന്യാസ്ത്രീയുടെ വീട്ടുകാര്‍ എത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2