പാലക്കാട്: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. സ്വര്‍ണക്കടത്ത് വാര്‍ത്തയുടെ ഓരോ തുമ്പും അവസാനിക്കുന്നത് സി.പി.ഐ.എമ്മിലാണെന്നും സി.പി.ഐ.എം. മാഫിയ പ്രവര്‍ത്തകരെ സംഘടന വത്കരിച്ചുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

”പാര്‍ട്ടിയിലെ മുതിര്‍ന്നവരുടെ മാഫിയ തലവന്‍ കൊടി സുനിയാണെങ്കില്‍ ഡി.വൈ.എഫ്.ഐയ്ക്കും എസ്.എഫ്.ഐക്കും ആകാശ് തില്ലങ്കേരിയും, അര്‍ജുന്‍ ആയങ്കിയുമാണ് മാഫിയ തലവന്മാര്‍. ഇവര്‍ പിടിക്കപ്പെടുമ്പോള്‍ പാര്‍ട്ടി ബന്ധമില്ലെന്ന് പറയുകയാണ്,’ ഷാഫി പറമ്പില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പിണറായി വിജയനെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളാണ് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകളിലെന്നും ഇവര്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുത്ത ചിത്രങ്ങള്‍ വരെ പുറത്ത് വന്നിരിക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ചിത്രങ്ങളില്‍ മാത്രമല്ല, അവര്‍ ഇടപെട്ട കേസുകളില്‍ നിന്നും പാര്‍ട്ടിയുമായുള്ള ബന്ധം വ്യക്തമാണ്. സി.പി.ഐ.എമ്മിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് മാറ്റേണ്ട സമയമായെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയ്ക്ക് സി.പി.ഐ.എമ്മുമായി ബന്ധമുണ്ടെന്ന് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും അര്‍ജുന്‍ ആയങ്കിയ്ക്ക് ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു.

ഇവരെ തള്ളി കഴിഞ്ഞ ദിവസം കണ്ണൂര്‍ സി.പി.ഐ.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും രാഷ്ട്രീയ പ്രചാരവേല നടത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് എം.വി. ജയരാജന്‍ പറഞ്ഞിരുന്നത്. അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വാഹനാപകടവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.

അപകടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം അര്‍ജുന്‍ സഞ്ചരിച്ച കാറിനെയാണ് പിന്തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിയിലായ ഷഫീഖുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സൂചന നല്‍കിയിരുന്നു. സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റും ഇന്ന് ക്വട്ടേഷന്‍ വിവാദം ചര്‍ച്ച ചെയ്തേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക