തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്സ് ജിഹാദും നടക്കുന്നുവെന്ന് പറഞ്ഞ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച പാലാ മണ്ഡലം കമ്മിറ്റിയെ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ് പിന്തുണയുണ്ടാവില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. മാർ ജോസഫ് കല്ലറങ്ങാട്ട് നേരെ ഇതുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായ വിരുദ്ധൻ എന്ന നിലയിൽ ഉള്ള പ്രചാരണങ്ങൾ ശക്തമായപ്പോഴാണ് വിഷയത്തിൽ യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

‘ഏത് വിഷയത്തിലായാലും യൂത്ത് കോണ്‍ഗ്രസ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിലപാടല്ല,’ ഷാഫി പറഞ്ഞു. നേരത്തെ പാലാ ബിഷപ്പിനെ പിന്തുണച്ച് പാലാ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു.പാലാ ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും വേട്ടയാടാന്‍ അനുവദിക്കില്ലെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവന. വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തുകൊണ്ടു വരികയാണ് സർക്കാർ ചെയ്യേണ്ടതെന്നും ഇത് ചെയ്യാതെ സിപിഎമ്മും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക