കോട്ടയം:വിവാഹ വാഗ്ദാനം നൽകി ക്ഷേത്രത്തിലെ ശാന്തി മഠത്തില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ചന്ന് ആരോപിച്ച് 21 കാരി ക്ഷേത്രം ശാന്തിക്കാരന് എതിരെ പരാതി നൽകി. മുണ്ടക്കയം മടുക്കയിലെ ക്ഷേത്ര പൂജാരി ആയിരുന്ന ആള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

സംഭവത്തില്‍ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശാന്തി മഠത്തിന് പിന്നാലെ പട്ടുമല എന്ന സ്ഥലത്ത്‌ കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എരുമേലി സബ് രജിസ്റ്റാര്‍ ഓഫീസില്‍ വച്ച്‌ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വിവാഹം നടത്താമെന്ന് ഉറപ്പിച്ച ദിവസം മുതല്‍ ശാന്തിക്കാരന്‍ മുങ്ങിയതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ യുവാവിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.

നിലവില്‍ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ഒരു ക്ഷേത്രത്തില്‍ ശാന്തിയായി ജോലിചെയ്തുവരികയാണ് ഇയാള്‍. ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി ആയതിനാല്‍ തന്നെ ആ നിലയില്‍ കൂടി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടിവരും എന്നാണ് പോലീസ് പറയുന്നത്.

യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുണ്ടക്കയം സിഐ പറഞ്ഞു. മറ്റേതെങ്കിലും സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇലന്തൂരില്‍ ഇയാള്‍ ഇപ്പോള്‍ ശാന്തി ആയി ജോലിചെയ്യുന്ന ക്ഷേത്രത്തിലും സമാനമായ പരാതികള്‍ ഉണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.യുവാവ് പ്രണയം നടിച്ച ശേഷം നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി. അതുകൊണ്ടുതന്നെ യുവാവിനെ പിടികൂടിയാല്‍ വിവിധ സ്ഥലങ്ങളില്‍ എത്തി തെളിവെടുപ്പ് ഉള്‍പ്പെടെ നടത്തേണ്ടിവരും. അതിനിടെ യുവാവ് കസ്റ്റഡിയില്‍ ആയി എന്ന അഭ്യൂഹവും ഉയരുന്നുണ്ട്. എന്നാല്‍ മുണ്ടക്കയം പോലീസും കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി യും ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ് എന്ന് പോലീസ് പറയുന്നു. ഇയാളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാകില്ല എന്നും പൊലീസ് പറയുന്നു. അറസ്റ്റിനുശേഷം തുടരന്വേഷണം നടത്തി മാത്രമേ കേസിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുപറയാന്‍ ആകൂ എന്നാണ് പോലീസ് നിലപാട്.

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനാല്‍ പോലീസ് കസ്റ്റഡിയില്‍ ആയാല്‍ വീണ്ടും വിവാഹത്തിന് സമ്മതിക്കാനുള്ള നീക്കം യുവാവ് നടത്തുമോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ യുവതിയുടെ മൊഴി വീണ്ടും എടുത്ത ശേഷം ആകും തുടര്‍നടപടി സ്വീകരിക്കുക. ഇയാള്‍ക്കെതിരെ പരാതി വന്ന സാഹചര്യത്തില്‍ മറ്റേതെങ്കിലും സ്ത്രീകള്‍ സമാന പരാതിയുമായി രംഗത്തു വരുമോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.