കോഴിക്കോട്; മന്ത്രവാദിയാണെന്നും പരിചയം സ്ഥാപിച്ച് സ്ത്രീകളെ പീഡിപ്പിക്കുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്യുന്നയാള്‍ പിടിയില്‍. മലപ്പുറം പുത്തൂര്‍ പുതുപ്പള്ളി പാലക്കവളപ്പില്‍ ശിഹാബുദ്ദീനെ (37) ആണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ 40 ല്‍ അധികം കേസുകളാണ് വിവിധ ജില്ലകളിലായിട്ടുള്ളത്.
മന്ത്രവാദവും മറ്റും നടത്തുന്ന ഉസ്താദാണെന്ന് പറഞ്ഞാവും ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ചികിത്സക്കെന്നും മറ്റും പറഞ്ഞ് സ്വര്‍ണവും പണവും കൈക്കലാക്കലും ചിലരെ ബലാത്സംഗത്തിന് ഇരയാക്കി ഭീഷണിപ്പെടുത്തുകയുമാണ് ഇയാള്‍ ചെയ്യാറുള്ളത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള വീട്ടില്‍ മാതാവിനോട് സൗഹൃദം പുലര്‍ത്തിയ ശേഷം അവരുടെ മകളെ മന്ത്രവാദ ചികിത്സ ചെയ്യാനാണെന്നു പറഞ്ഞു പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
മൂന്നാഴ്ചയായി ഒളിവില്‍ കഴിഞ്ഞ പ്രതി മടവൂര്‍ സി എം മഖാം പരിസരത്തുവച്ചാണ് അറസ്റ്റിലായത്. 14 ഓളം സിം കാര്‍ഡുകളുകള്‍ ഉപയോഗിക്കുന്ന ഇയാള്‍ വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലുമായി നിരന്തരം യാത്രയിലായിരിക്കും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി നാല്പതിലധികം കേസുകളിലെ പ്രതിയാണ് ശിഹാബുദ്ദീനെന്ന് പൊലീസ് അറിയിച്ചു. ഒട്ടേറെ സ്ത്രീകളുടെ പരാതി ലഭിച്ചതോടെ നോര്‍ത്ത് എസി കെ.അഷറഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് ശിഹാബുദ്ദീനെ പിടികൂടിയത്.