ഇടുക്കി: ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമം വർധിക്കുന്നു. ഒന്നര വര്‍ഷത്തിനിടെ 112 ലൈംഗിക അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 ജനുവരി മുതല്‍ 2021 ജൂലൈ 4 വരെയുള്ള കാലയളവില്‍ നവജാതു ശിശു ഉള്‍പ്പെടെ നാല് കുട്ടികളാണ് കൊല്ലപ്പെട്ടത്, 20 കുട്ടികള്‍ ആത്മഹത്യ ചെയ്തു.

കുട്ടികള്‍ക്കെതിരെ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതില്‍ കൂടുതലും ലൈംഗിക പീഡനങ്ങളാണ്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍, ശൈശവ വിവാഹം എന്നിവയാണ് ജില്ലല്‍ കുട്ടികള്‍ നേരിടുന്ന പ്രധാന കുറ്റകൃത്യങ്ങള്‍. 13 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളാണ് കൂടുതലും അതിക്രമത്തിന് ഇരകളാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഭൂരിഭാഗം കേസിലും പരിചയക്കാരോ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് പ്രതിസ്ഥാനത്ത്. ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നല്‍കാതിരിക്കല്‍ തുടങ്ങിയവയാണ് കേസുകള്‍ അധികവും.

കുട്ടികള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച്‌ ജില്ല ശിശുക്ഷേമ സമിതികള്‍ക്ക് പ്രതിവര്‍ഷം നൂറ് കണക്കിന് പരാതികള്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. പോലീസും വനിതാസംഘടനകളും ജില്ലാ ശിശുക്ഷേമസമിതിയും സംയുക്തമായി നടത്തുന്ന ബോധവത്കരണത്തിന്റെ ഫലമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രവണത കൂടാന്‍ കാരണമെന്ന് പോലീസ് പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പോലീസിന്റെയും ചൈല്‍ഡ് ലൈനിന്റേയും നേതൃത്വത്തില്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 അല്ലെങ്കില്‍ 1517 എന്നീ നമ്പറുകളിൽ വിളിക്കാം. സൗജന്യമായി 24 മണിക്കൂറും സേവനം ലഭിക്കും. കൂടാതെ 04862 200108 എന്ന നമ്പറിൽ ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെയും ബന്ധപ്പെടാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക