തൃശൂർ: കേച്ചേരി പാലത്തിനു മുകളിൽ കെഎസ്ആർടിസി വോൾവോ ബസും ചരക്കു ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്കേറ്റു. ലോറി ഡ്രൈവർ, ക്ലീനർ എന്നിവരുടെ നില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവർ മധുര സ്വദേശി പാണ്ടി മകൻ മുത്തു (35), ക്ലീനർ മധുര സ്വദേശി കറുപ്പ് സാമി മകൻ അരുൺ (24), ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി റാഷിദ് ( 45 ), കണ്ടക്ടർ കോഴിക്കോട് സ്വദേശിനി ഷിജിനി (39), ബസിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശി നിസാം (26), മലപ്പുറം സ്വദേശി ആഷിക് (40), അബ്ദുൽ ബാസിക് (35) എന്നിവരെ മുളകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ചാക്കേരി മഠത്തിൽ ചന്ദ്രശേഖരൻ (51), കോഴിക്കോട് എരുവാട്ട് വീട്ടിൽ ജംഷീർ, ആലപ്പുഴ കളപ്പുരക്കൽ വീട്ടിൽ സജീവ് (39), തൃശൂർ എയ്യാൽ സ്വദേശി കോമരത്ത് പറമ്പിൽ വീട്ടിൽ ഷീജ എന്നിവരെ അമല ആശുപത്രിയിലും കൊച്ചി സ്വദേശി കല്ലിങ്ങൽ വീട്ടിൽ നിസാറിനെ (40) ചൂണ്ടൽ സെന്റ ജോസഫ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് 5.45 നായിരുന്നു അപകടം. നെടുമ്പാശേരിയിൽനിന്ന് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ എതിരേ കുന്നംകുളം ഭാഗത്തുനിന്ന് വരുകയായിരുന്ന ചരക്കു ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു നിന്നു. ബസിലുള്ള യാത്രക്കാർക്ക് നിസാര പരുക്കാണുള്ളത്. ലോറിയിലെ രണ്ട് പേരെയും ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2