ഇരട്ടയാര്‍: എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഇരട്ടയാറില്‍ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്ജ് നടത്തിയ പ്രസംഗം വിവാദത്തില്‍. എറണാകുളം സെന്റ് തേരസാസ് കോളേജില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പരിപാടിയെ പരിഹസിച്ചുള്ള ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശത്തില്‍ സ്ത്രീ വിരുദ്ധത ആരോപിച്ച്‌ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ജോയ്‌സ് ജോര്‍ജ്ജ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചു എന്നാരോപിച്ച്‌ ഡീന്‍ കുര്യാക്കോസ് എംപി അടക്കം രംഗത്ത് വന്നു. രാഹുല്‍ഗാന്ധി കേരളത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി എറണാകുളം സെന്റ് തേരസാസ് കോളേജിലെ പെണ്‍കുട്ടികളെ ആയോധന കലയായ ഐക്കിഡോയിലെ ചില മുറകള്‍ പഠിപ്പിച്ചിരുന്നു.

ഇതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം. രാഹുല്‍ പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജുകളിലേ പോകാറുള്ളൂ എന്നും അവിടെ ചെന്നിട്ട് വിദ്യാര്‍ത്ഥിനികളെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്നു നില്‍ക്കാനും പഠിപ്പിക്കുമെന്നും പറഞ്ഞു. രാഹുല്‍ഗാന്ധി പെണ്ണു കെട്ടിയിട്ടില്ലെന്നും അദ്ദേഹം വരുമ്ബോള്‍ വളയാനും കുനിയാനും നിന്നേക്കരുത് എന്നും പറഞ്ഞു.

വിവാദപ്രസംഗം തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ചെയ്യാനും ജോയ്‌സ് ജോര്‍ജ്ജ് മറന്നില്ല. എന്നാല്‍ ജോയ്‌സ് വിദ്യാര്‍ത്ഥിനികളെ അപമാനിക്കുകയായിരുന്നു എന്ന് ആരോപണം ഉയര്‍ത്തി ഡീന്‍ കുര്യാക്കോസ് എംപി രംഗത്ത് വന്നിട്ടുണ്ട്. സ്വന്തം ഉള്ളിലിരിക്കുന്ന മ്ലേച്ഛതയാണ് ജോയ്‌സ് പുറത്തു കൊണ്ടുവന്നതെന്നും താന്‍ എത്രമാത്രം മോശമാണെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തിരിക്കുകയാണെന്നും ജോയ്‌സ് പ്രതികരിച്ചു.

”രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജുകളിലെ പോകാറുള്ളൂ അവിടെ ചെന്നിട്ട് പെണ്‍കുട്ടികളെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്നു നില്‍ക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളെ രാഹുല്‍ ഗാന്ധി വരുമ്ബോള്‍ വളയാനും കുനിയാനും ഒന്നും പോയേക്കല്ല് പുള്ളി പെണ്ണൊന്നും കെട്ടിയിട്ടില്ല കുഴപ്പക്കാരനാന്നാ പറയുന്നേ” ഇങ്ങിനെയായിരുന്നു ജോയ്‌സിന്റെ വിവാദ പ്രസംഗത്തിലെ പരാമര്‍ശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2