ഐസക് പറയുന്നതു പോലെ സ്കാൻ ചെയ്ത് അയച്ച പേപ്പർ കോപ്പിയെടുത്ത് ഒപ്പിട്ടു തിരിച്ചയച്ചത് ആണോ? അതോ മുഖ്യമന്ത്രി പറയുന്നതുപോലെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് ഒപ്പിട്ടതാണോ? മുൻമന്ത്രിയും കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവുമായ കെ സി ജോസഫ് ട്വിറ്ററിൽ ഉന്നയിക്കുന്ന ചോദ്യമാണിത്.

ഒപ്പു വിവാദം കനക്കുകയാണ്. അവ്യക്തത പൂർണ്ണമായും നീങ്ങിയിട്ടില്ല. പ്രസക്തമായ ചോദ്യമാണ് കെ സി ജോസഫ് ഉയർത്തുന്നത്. മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു സമയത്ത് ഒപ്പിട്ടിരിക്കുന്ന ഫയലിൻറെ ഫോട്ടോ സഹിതം ആണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ഒരു കാര്യം ഫയൽ കോപ്പിയിൽ നിന്ന് വ്യക്തമാണ്. ഡിജിറ്റൽ സിഗ്നേച്ചർ അല്ല ഫയലിൽ ഉള്ളത്. അപ്പോൾ സ്കാൻ ചെയ്തു അയച്ചു കൊടുത്തത് പ്രിൻറ് എടുത്ത് വെച്ചത് ആവാം.

സ്കാൻ ചെയ്ത് അയച്ച പേപ്പർ ഒപ്പിട്ടു തിരികെ സ്കാൻ ചെയ്ത് അയക്കുമ്പോൾ ആധികാരിക രേഖ ആകുമോ?

സ്കാൻ ചെയ്തു അമേരിക്കയിലേക്ക് അയച്ച ഒരു സർക്കാർ ഫയൽ, അത് പ്രിൻറ് ഔട്ട് എടുത്തു വായിച്ചു നോക്കി ഒപ്പിട്ടു തിരിച്ചയച്ചത് ആണെങ്കിൽ അതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ട്. മുഖ്യമന്ത്രിയുടെ സ്കാൻചെയ്ത് ഒപ്പ് ഒരുതവണ ലഭിച്ചാൽ അത് മറ്റു രേഖകളോടും ചേർത്തുവയ്ക്കാം.സർക്കാർ സംവിധാനങ്ങളിൽ കേട്ടു കേൾവിയില്ലാത്ത ഒരു സമ്പ്രദായമാണിത്. സംസ്ഥാന മുഖ്യമന്ത്രിയുടെ ഒപ്പും സീലും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകൾ ഒരുപാട് ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രമക്കേടുകൾക്ക് വേണ്ടി ദുരുപയോഗം ചെയ്തു എന്ന് തെളിവുകൾ വരുന്ന ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം വിഷയത്തിൽ നടക്കേണ്ടതുണ്ട്.

ഇനി കൊറിയർ വഴി കേരളത്തിലേക്ക് തിരിച്ചു എന്ന് പറഞ്ഞാൽ ഏറ്റവും കുറഞ്ഞ പക്ഷം ഒരാഴ്ചയെങ്കിലും അമേരിക്കയിൽ നിന്ന് ഒരു കൊറിയർ ഇന്ത്യയിലെത്താൻ സമയമെടുക്കും. അങ്ങനെ കിട്ടുന്ന കൊറിയർ ആര് സ്വീകരിക്കുന്നു? ഡെസ്പാച്ച് സ്വീകരിച്ചശേഷം ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ്ലേക്ക് വിടുമ്പോൾ അതിൽ ഇൻ വേർഡ് നമ്പർ ഇടുന്നുണ്ടോ? ഒരു സർക്കാർ ഉത്തരവ് ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിൻറെ നടപടിക്രമങ്ങൾ വിശദമാക്കുന്ന ഏതെങ്കിലും നയരേഖ ഉണ്ടോ? അനവധി ചോദ്യങ്ങളാണ് ഉയരുന്നത്. അത് സ്വാഭാവികമാണ്, കാരണം നമ്മൾ സംസാരിക്കുന്നത് ഏതെങ്കിലും വ്യക്തികൾ തമ്മിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ മറ്റോ പങ്കുവയ്ക്കുന്ന രേഖകളെ കുറിച്ചല്ല.. മുഖ്യമന്ത്രിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഫയലുകളിൽ ഉറങ്ങുന്ന ജീവിതങ്ങളെ കുറിച്ചാണ്. അതു കൊണ്ടു തന്നെ കാര്യങ്ങൾക്ക് വ്യക്തത വന്നേ മതിയാവൂ.

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ വിഷയം ഏറ്റെടുക്കുമ്പോൾ കാര്യഗൗരവം കൂടുകയാണ്. പ്രതിപക്ഷം ഐപാഡ് ഉയർത്തി കാണിച്ചിട്ടുള്ള വിശദീകരണം മുഖ വിലയ്ക്കെടുത്തില്ല. ഇത് പൊതുസമൂഹത്തിൽ ചർച്ച ആക്കുക തന്നെയാണ് പ്രതിപക്ഷ ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഒപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരളത്തിൽ വലിയ രാഷ്ട്രീയ അലയൊലികൾ ഉണ്ടാക്കിയിരിക്കും. അത് തീർച്ച.

https://twitter.com/kcjoseph99/status/1301707443450200064?s=08

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2