തിരുവനന്തപുരം: തിരുവനന്തപുരം എംപി ശശി തരൂരിൻറെ ജനപ്രീതിയില്‍ അമ്ബരന്ന് കോണ്‍ഗ്രസ് നേതൃത്വം. അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വേയിലെ ചോദ്യത്തിന് രമേശ് ചെന്നിത്തലയേക്കാള്‍ വോട്ടുകിട്ടിയത് ശശി തരൂരിനാണ്. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിനും ഉമ്മന്‍ ചാണ്ടിക്ക് തൊട്ടുപിന്നിലെത്തി തരൂര്‍. ഈ ജനപ്രീതി കണ്ടതിന്‍റെ അമ്ബപ്പിലാണ് സംസ്ഥാന കോണ്‍ഗ്രസിലെ പ്രമുഖ വിഭാഗം. നിയമസഭയിലേക്ക് തരൂരിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം വരെ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നു.

ഭരണത്തുടര്‍ച്ചക്കൊപ്പം പ്രതിപക്ഷനേതാവിനെയും ഐ ഗ്രൂപ്പിനെയും ഏറ്റവും അധികം ഞെട്ടിച്ച സര്‍വ്വെ വിവരമാണ് തരൂരിനുള്ള വന്‍പിന്തുണ. കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന ചോദ്യത്തില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ പിന്നില്‍ തരൂരിൻറെ പേരാണ് ഉയര്‍ന്നു വന്നത്. ആരാകണം സംസ്ഥാനത്തെ അടുത്തമുഖ്യമന്ത്രി എന്ന ചോദ്യത്തിനും ചെന്നിത്തലയെ കടത്തിവെട്ടി തരൂര്‍.

ചെന്നിത്തല സര്‍വ്വെ തള്ളിയതിനാല്‍ ഉള്ളില്‍ സന്തോഷമെങ്കിലും പ്രതികരിക്കാതെ തന്ത്രപരമായ നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എഐസിസി നടത്തിയ രഹസ്യസ‍ര്‍വ്വെയില്‍ പല കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ വോട്ട് വീണത് തരൂരിനാണ്. യുവാക്കളിലും ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ ശശി തരൂരിനുള്ള പിന്തുണ മുതലാക്കാനാണ് എഐസിസിസി പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല നല്‍കി അദ്ദേഹത്തെ മുന്‍നിരയിലേക്കെത്തിച്ചത്.

സംസ്ഥാനത്തുടനീളം നടത്തിയ ടോക്ക് ടു തരൂര്‍ -പത്രിക ചര്‍ച്ചകളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. മത്സരിക്കുമ്ബോഴും അല്ലാത്തപ്പോഴും സംസ്ഥാനനേതൃത്വത്തില്‍ നിന്നും വേറിട്ട വഴിയിലൂ‍ടെ ഒറ്റക്കുള്ള തരൂരിന്‍റെ സഞ്ചാരം എന്നുമെത്തിയത് വിജയലക്ഷ്യത്തിലാണ്. എതിര്‍ഗ്രൂപ്പ് നേതാക്കളെ മറികടന്നുള്ള തരൂര്‍‍ പിന്തുണയില്‍ എ ഗ്രൂപ്പിന് ഇപ്പോള്‍ ഉള്ളത് സന്തോഷം. പക്ഷേ ഗ്രൂപ്പുകള്‍ക്ക് അതീതനായി ചര്‍ച്ചയാകുന്ന തരൂര്‍ ഫാക്ടര്‍ നാളെ ഭീഷണിയാകുമോ എന്ന ആശങ്ക എ ഗ്രൂപ്പിനുമുണ്ട്.

അതിനിടയിലാണ് നേമമോ വട്ടിയൂ‍ര്‍കാവോ പിടിക്കാന്‍ കരുത്തനെന്ന ചര്‍ച്ചയിലേക്ക് സംസ്ഥാനത്തെ ചില നേതാക്കള്‍ തരൂരിന്‍റെ പേര് കൂടി ചേര്‍ത്ത് ചര്‍ച്ചയാക്കുന്നത്. എംപിമാരില്‍ തരൂരിന് മാത്രം ഇളവ് നല്‍കുന്നതും തിരുവന്തപുരം ലോക്സഭാ സീറ്റ് നിലനിര്‍ത്തുന്നതിലെ വെല്ലുവിളിയുമൊക്കെയാണ് നെഗറ്റീവായുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2