തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിച്ചാല്‍ ശശി തരൂര്‍ മുഖ്യമന്ത്രിയായേക്കും. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍ ചേരി തിരിഞ്ഞുള്ള ഗ്രൂപ്പ് യുദ്ധത്തിന് വഴിയൊരുങ്ങും. ഉമ്മന്‍ചാണ്ടി- രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് രംഗത്തു വരാന്‍ സാധ്യതയേറെയാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരിന്റെ പേര് ഉയരുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെറും എംഎല്‍എ ആയി ഇരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. മാത്രമല്ല മറ്റൊരു അവസരം ലഭിക്കല്‍ ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരവുമാണ്. അതേസമയം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തിളങ്ങിയ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടതാണെന്ന് ഐ ഗ്രൂപ്പും നിലപാടെടുക്കും.

ഹൈക്കമാൻഡ് ഇടപെടൽ:

ഗ്രൂപ്പ് തർക്കങ്ങൾ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ശശി തരൂരിനെ നേതൃസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ഹൈക്കമാന്‍ഡ് നിര്‍ദേശം, കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അംഗീകരിക്കേണ്ടി വരും. സംസ്ഥാനത്തെ ഗ്രൂപ്പ് അതിപ്രസരം ഇല്ലാതാക്കാന്‍ തരൂരിനെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ കഴിയുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. തരൂരിനെ മുന്നില്‍ നിര്‍ത്തുന്നതിലൂടെ, യുവാക്കളെ അടക്കം ആകര്‍ഷിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് പ്രകടനപത്രിക തയ്യാറാക്കലിന്റെ ചുമതല ഹൈക്കമാന്‍ഡ് ഇടപെട്ട് ശശി തരൂരിന് നല്‍കിയത്.

നിലവില്‍ തിരുവനന്തപുരത്തു നിന്നുള്ള ലോക്‌സഭാംഗമാണ് ശശി തരൂര്‍. 2009 ലാണ് ശശി തരൂര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. അക്കാലം മുതല്‍ തിരുവനന്തപുരത്തു നിന്നുള്ള എംപിയാണ് അദ്ദേഹം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സി ദിവാകരനെയാണ് തരൂര്‍ പരാജയപ്പെടുത്തിയത്.

ഏഷ്യാനെറ്റ് സര്‍വ്വേ

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പ്രീ പോള്‍ സര്‍വ്വേയിലും അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന പേരുകളില്‍ ശശി തരൂര്‍ ഇടംപിടിച്ചിരുന്നു. മൂന്നാം സ്ഥാനത്തായിരുന്നു തരൂര്‍ ഇടംപിടിച്ചത്. 9 ശതമാനം പേരായിരുന്നു അദ്ദേഹത്തെ പിന്തുണച്ചത്. അതേസമയം യുഡിഎഫ് നേതാക്കളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടിക്ക് തൊട്ട് പിന്നാലെ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത് തരൂരായിരുന്നു. 27 ശതമാനം വോട്ടുകള്‍ നേടിയാണ് ശശി തരൂര്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ മറികടന്ന്
രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാമതുള്ള ചെന്നിത്തലയക്ക് 19 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് ആറ് ശതമാനം വോട്ടുകളായിരുന്നു സര്‍വ്വേയില്‍ ലഭിച്ചിട്ടുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2