കൊച്ചി: കിറ്റക്‌സ് കമ്ബനിയില്‍ തുടര്‍ച്ചയായി നടക്കുന്ന റെയ്ഡുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച്‌ എംഡിയും ട്വന്റി -20 കോര്‍ഡിനേറ്ററുമായ സാബു ജേക്കബ്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരാണ് കിറ്റക്‌സില്‍ പരിശോധനയ്ക്ക് എത്തിയത്. ആര്‍ക്കും നെഞ്ചത്ത് കയറി നിരങ്ങാവുന്ന ഒരു വര്‍ഗ്ഗമാണല്ലോ വ്യവസായികളെന്ന് കേരളത്തിലെ തൊഴില്‍ അന്തരീക്ഷത്തെ വിമര്‍ശിച്ച്‌ കൊണ്ടു സാബു ജേക്കബ് പറഞ്ഞു. കിറ്റക്സ് കമ്ബനിയിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളുടെ അവസ്ഥ ശോചനീയമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ ലേബര്‍ ഓഫീസര്‍മാരും ആരോഗ്യവകുപ്പ് സംഘവും പ്രദേശത്ത് പരിശോധന നടത്തി. കിറ്റെക്സ് ഗാര്‍മെന്റ്സിലെ തൊഴിലാളികളുടെ ലേബര്‍ ക്യാമ്ബുകളിലെ വൃത്തിഹീനവും അനാരോഗ്യകരമായ ചുറ്റുപാടുകളെ കുറിച്ച്‌ ജില്ലാ കലക്ടര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും ദുരന്ത നിവാരണ അഥോറിറ്റിക്കും ലേബര്‍ കമ്മീഷണര്‍ക്കും ജില്ലാ തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും വാര്‍ത്തകള്‍ വന്നു. ഇതിനെ തുടര്‍ന്നാണ് സാബു ജേക്കബിന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

15,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുവെന്നതാണ് തങ്ങള്‍ ചെയ്ത കുറ്റമെന്ന് സാബു ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു. ഇങ്ങനെയൊരാളെ വെറുതെ വിടരുത്, അകത്തിടണം, പൂട്ടിക്കണം എന്നതാണ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്റെയും മനോഭാവമെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്തുകൊണ്ട് കിറ്റക്‌സില്‍ മാത്രം പരിശോധന എന്നതാണ് ചോദ്യം. നിയമം എല്ലാവര്‍ക്കും ഒരുപോലെയല്ലേ വേണ്ടത്? കിറ്റക്‌സിലെ തൊഴിലാളികള്‍ രാത്രി ഉറങ്ങിയോ, ബ്രേക്ഫാസ്റ്റിന് മുട്ട ഉണ്ടായിരുന്നോ, മുട്ടയ്ക്ക് ഉപ്പുണ്ടായിരുന്നോ എന്നൊക്കെ അന്വേഷിക്കലും അത് സോഷ്യല്‍ മീഡിയയില്‍ തട്ടിവിടലും മാത്രമാണ് ചിലര്‍ക്ക് പണിയെന്ന് സാബു ജേക്കബ് കുറ്റപ്പെടുത്തി. ഈ കുറ്റം പറയുന്നവര്‍ ആരെങ്കിലും, സ്വന്തമായി അദ്ധ്വാനിച്ച്‌ ഉണ്ടാക്കിയ പണം കൊണ്ട് ആര്‍ക്കെങ്കിലും ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ടോ എന്നും മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലം തിന്നു ജീവിക്കുന്നതല്ലാതെ ഒരാള്‍ക്കെങ്കിലും ഒരുദിവസത്തെ ജോലി കൊടുത്തിട്ടുണ്ടോ എന്നും സാബു ജേക്കബ് ചോദിച്ചു. ആര്‍ക്കും ഒരുപ്രയോജനവുമില്ലാത്ത പാഴ് ജന്മങ്ങള്‍..ഇതാണ് കേരളത്തിന്റെ ശാപമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കിറ്റക്‌സ് ഫാക്ടറിയില്‍ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന സൗകര്യങ്ങള്‍ പോരെന്ന് പറയുന്നവര്‍ ഒരെണ്ണം തുടങ്ങി കാണിക്കട്ടെ എന്നും സാബു ജേക്കബ് വെല്ലുവിളിച്ചു. ഒരുവ്യവസായം തുടങ്ങി 10 പേര്‍ക്കെങ്കിലും തൊഴിലും താമസവും ഭക്ഷണവും ശമ്ബളവും ഒക്കെ കൊടുത്ത് നടത്തി കാണിച്ചിട്ടാവാം വാചകമടി. 25 ലക്ഷം മലയാളികള്‍ ആണ് ഇതരസംസ്ഥാനങ്ങളില്‍ പോയി തൊഴിലെടുക്കുന്നതെന്നും ജീവിക്കണം എന്നുണ്ടെങ്കില്‍ മലയാളിക്ക് ഇതരസംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ പോയി തൊഴിലെടുക്കേണ്ട ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. എംആര്‍എഫും സിന്തൈറ്റും, വി-ഗാര്‍ഡ് തുടങ്ങിയ വന്‍കിട കമ്ബനികള്‍ എന്തുകൊണ്ട് കേരളം വിട്ടുപോയി എന്നും സാബു ജേക്കബ് ചോദിച്ചു. കേരളത്തിന് പുറത്ത് മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ മാത്രം 38 ലക്ഷത്തിലധികം മലയാളികള്‍ ജോലി ചെയ്യുന്നു. ഇതുകൊണ്ട് ആര്‍ക്കാണ് നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ആരും ഒട്ടും ആശ കൈവിടരുതെന്നും ഒത്തൊരുമിച്ച്‌ ഉത്സാഹിച്ചാല്‍ ഒരുവ്യവസായ സ്ഥാപനവും ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ നമുക്ക് മാറ്റാം, മാറ്റണം എന്ന പരിഹാസത്തോടെയാണ് സാബു ജേക്കബ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക