തിരുവനന്തപുരം: ശബരിമല സ്ത്രി പ്രവേശനം   യു.ഡി.എഫ്  പ്രചാരണവിഷയമാക്കിയതോടെ തെരഞ്ഞെടുപ്പിൽ ജാഗ്രതയോടെ ചുവടുകൾ വച്ച്  സി.പി.എം. നേരത്തേയുണ്ടായിരുന്ന കർക്കശ നിലപാട് പാർട്ടിക്കില്ലെന്ന് വ്യക്തമാക്കുന്ന വിശദീകരണമാണ് നിലവിൽ സി.പി.എം നൽകുന്നത്. യുവതിപ്രവേശ വിധിയിലെ പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതി തീർപ്പുകല്പിച്ചാലും അത് നടപ്പാക്കുംമുമ്പ് എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി ധാരണയുണ്ടാക്കണമെന്നാണ് ഇപ്പോഴത്തെ പാർട്ടി നിലപാട്.
സുപ്രീംകോടതി വിധി എന്തായാലും അത് സർക്കാർ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്നായിരുന്നു ഇതുവരെ സി.പി.എമ്മും മുഖ്യമന്ത്രിയും പറഞ്ഞിരുന്നത്. യുവതിപ്രവേശം സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി വന്നപ്പോഴും അത് നടപ്പാക്കുംമുമ്പുള്ള സർവകക്ഷിയോഗം വിളിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. കോടതിവിധി അംഗീകരിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന വിശദീകരണം മാത്രമായിരുന്നു ഇക്കാര്യത്തിൽ സർക്കാരും പാർട്ടിയും നൽകിയിരുന്നത്. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല ഉന്നയിച്ച് യുഡിഎഫ് എത്തിയിരിക്കുന്നത്, തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിലുണ്ടായ ഇടത് അനുകൂലമായവരിൽ മാറ്റമുണ്ടാക്കാനാണെന്ന തിരിച്ചറിവ് സി.പി.എമ്മിനുണ്ട്.
ശബരിമല ആയുധമാക്കാനായി യു.ഡി.എഫിന് ഇടംകൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സി.പി.എം. ഈ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നുവെന്ന രീതിയിൽ വാർത്ത വന്നതോടെയാണ് കരുതലോടെയുള്ള വിശദീകരണത്തിന് സിപിഎം തയ്യാറായിരിക്കുന്നതും. പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുപോലും കൂട്ടായ ചർച്ചയുടെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാകുമെന്ന ഉറപ്പ് നൽകുന്നതാണ് അതെന്നതും ശ്രദ്ധേയം. നിലവിലെ പാർട്ടിയുടെ നിലപാടനുസരിച്ച് വിശ്വാസികളെ പ്രകോപിപ്പിക്കുന്ന സമീപനം സ്വീകരിക്കേണ്ടതില്ലെന്നതാണ് പാർട്ടി നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2