മലയിന്‍കീഴ്: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. യൂണിറ്റ് സെക്രട്ടറി മലയിന്‍കീഴ് പെരുകാവ് വട്ടവിളയില്‍ വിപിന്‍ ദാസിന്റെ വീടിന് നേരെ ഇന്നലെ പുലര്‍ച്ചെ 2.30ഓടെയായിരുന്നു ആക്രമണമുണ്ടായത്.
രണ്ടാംവര്‍ഷ ഇസ്ളാമിക് ഹിസ്റ്ററി പി.ജി വിദ്യാര്‍ത്ഥിയാണ് വിപിന്‍ദാസ്. സംഭവസമയം വിപിന്‍ദാസിന്റെ മാതാപിതാക്കളും അനുജനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആക്രമണത്തില്‍ വീടിന്റെ മുന്‍വശത്തെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. കുപ്പി പൊട്ടിത്തെറിച്ച്‌ വീടിന്റെ മുന്‍വശത്താകെ തീപടര്‍ന്നു.
ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാ‌ര്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ ആദ്യം വീട്ടിലേക്ക് കല്ലെറിയുകയായിരുന്നു. ജനാലയുടെ ഗ്ളാസ് തക‌ര്‍ന്ന ശബ്ദംകേട്ട് വിപിന്‍ദാസിന്റെ മാതാപിതാക്കള്‍ പുറത്തിറങ്ങി നോക്കുമ്പോൾ അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. അല്പസമയത്തിനുശേഷം തിരികെയെത്തിയ സംഘം പെട്രോള്‍ ബോംബെറിയുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീ കെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2