കോട്ടയം : കോവിഡ്‌ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്കു പ്രതീക്ഷയേകി റബര്‍വിലയില്‍ ഉയര്‍ച്ച. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 136 രൂപയിലായിരുന്നു ശനിയാഴ്‌ച വ്യാപാരം അവസാനിച്ചത്‌.

ഈയാഴ്‌ച റബര്‍ കമ്ബനികള്‍ സജീവമായി വിപണിയില്‍ ഇടപെട്ടു തുടങ്ങുമെന്നാണു സൂചന. ഇതോടെ, റബര്‍വില കിലോയ്‌ക്ക്‌ 140 പിന്നിടാന്‍ സാധ്യതയേറെയെന്നു വ്യാപാരികള്‍ പറയുന്നു. രാജ്യാന്തരവിലയിലെ വര്‍ധനയാണു ഇപ്പോള്‍ ആഭ്യന്തരവിപണിയിലും വില ഉയരാന്‍ പ്രധാന കാരണം. ബാങ്കോക്ക്‌ വില 140 രൂപ പിന്നിട്ടതോടെ ആഭ്യന്തര വിലയില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഏഴു രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഇതിനൊപ്പം ടയര്‍ കമ്ബനികള്‍ക്കായി റബര്‍ സംഭരിച്ചു നല്‍കുന്ന വന്‍കിട വ്യാപാരികളും വിപണിയില്‍ സജീവമായി.

ലോക്‌ഡൗണ്‍ ഇളവുകളെത്തുടര്‍ന്നു ഫാക്‌ടറികള്‍ പലയിടങ്ങളിലും പ്രവര്‍ത്തനം പുനരാരംഭിച്ചതും വിപണിയ്‌ക്ക്‌ ഉണര്‍വേകി. കമ്ബനികള്‍ നേരിട്ടു രംഗത്തുവരുന്നതോടെ കൂടുതല്‍ സ്‌റ്റോക്ക്‌ സംഭരിക്കുമെന്നും വില ഉയരുമെന്നുമാണു കര്‍ഷകരുടെ പ്രതീക്ഷ.അതേസമയം, ആര്‍.എസ്‌.എസ്‌. 4 ഗ്രേഡ്‌ റബറിനു മാത്രമാണ്‌ ഉയര്‍ന്ന വില ലഭിക്കുന്നത്‌. ഗ്രേഡ്‌ അഞ്ച്‌ റബറിനു ചിലയിടങ്ങളില്‍ കിലോയില്‍ 20 രൂപയുടെ വരെ വ്യത്യാസമുണ്ട്‌. ടയര്‍ കമ്ബനികള്‍ ഗ്രേഡിന്റെ കാര്യത്തില്‍ കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതോടെ ചെറുകിട വ്യാപാരികളും വെട്ടിലായി. കര്‍ഷകരില്‍നിന്ന്‌ ഉയര്‍ന്ന വിലയ്‌ക്കു സംഭരിക്കുന്ന റബര്‍, അഞ്ചാം ഗ്രേഡിന്റെ വിലയ്‌ക്കു പലപ്പോഴും വില്‍ക്കേണ്ടതായി വരുന്നത്‌ വ്യാപാരികള്‍ക്കു നഷ്‌ടമുണ്ടാക്കുന്നുണ്ട്‌.

എന്നാല്‍, ഒട്ടുപാലിന്റെ വിലയില്‍ വര്‍ധനയില്ലാത്തതു തിരിച്ചടിയാണ്‌. കിലോയ്‌ക്ക്‌ പരമാവധി 75 രൂപയാണ്‌ ഇപ്പോള്‍ ലഭിക്കുന്നത്‌. മഴ മാറിയതോടെ കൂടുതല്‍ കര്‍ഷകര്‍ ടാപ്പിങ്‌ പുനരാരംഭിച്ചെങ്കിലും ചെറുകിട കര്‍ഷകരില്‍ ഭൂരിഭാഗം പേരും ഒട്ടുപാലാക്കാനാണു താത്‌പര്യം പ്രകടിപ്പിക്കുന്നത്‌. ഷീറ്റാക്കി മാറ്റാനും ഉണക്കാനുമുള്ള സമയവും ചെലവുമാണു കാരണം. ആലുവയില്‍ ഉള്‍പ്പെടെ ഒട്ടുപാല്‍ ഉപയോഗിക്കുന്ന ഫാക്‌ടറികള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങാത്തതും ഇത്തരക്കാര്‍ക്കു തിരിച്ചടിയാണ്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2