സ്വന്തം ലേഖകൻ

കോട്ടയം: 1954 ൽ റബർ കർഷകർക്കു വേണ്ടി രാജ്യത്ത് പ്രവർത്തനം ആരംഭിച്ച റബർ ബോർഡ് എന്ന മഹാവൃക്ഷത്തിൻ്റെ ചുവട്ടിൽ കത്തിവീഴുന്നു. ആ മഹാപ്രസ്ഥാനം അറുത്തുമുറിച്ച് എടുക്കാനുള്ള നീക്കമാണ് ഏറ്റവും ഒടുവിൽ ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തുന്നത്.

റബ്ബർ ബോർഡിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുവാനുള്ള നടപടിയാണ് ഇപ്പോൾ റബർ ആക്ട് റദ്ദ് ചെയ്യുവാനുമുള്ള നീക്കമാണ് നടക്കുന്നത്. കർഷക താൽപര്യ സംരക്ഷണം മുന്നിൽ കണ്ട് നിർമ്മിച്ച റബർ ബോർഡിൻ്റെ തല അറുത്ത് കേരളത്തിൻ്റെ നട്ടെല്ലായിരുന്ന റബർ കർഷകരെ തന്നെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

റബർ ബോർഡ് അടച്ച് പൂട്ടുന്നതിൻ്റെ വ്യക്തമായ സൂചനകൾ അടങ്ങിയ കത്ത് കേന്ദ്ര വാണിജ്യ വകുപ്പിൽ നിന്ന് റബ്ബർ ബോർഡിന് ഏതാനും ആഴ്ചകൾ മുമ്പ് ലഭിച്ചു. റബ്ബർ ബോർഡിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് , ബോർഡിൻ്റെ അഭിപ്രായം ആരാഞ്ഞുള്ള കത്താണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ നിന്നും നിന്നും ബോർഡിൽ ലഭിച്ചത്. ഇത് നൽകുന്ന സന്ദേശം വ്യക്തമാണ്. കേരളത്തിൽ ഇനി റബർ കർഷകർ ആവശ്യമില്ല. റബറിന് ഇനി കേന്ദ്ര സർക്കാരിൻ്റെ സഹായം ലഭിക്കില്ല.

റബർ അക്ട് പിൻവലിക്കുകയോ റദ് ചെയ്യുകയോ ചെയ്യുന്നതോടെ റബർ കർഷകർക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരും. റബർ ആക്ട് എന്ന നിയമത്തിനു കീഴിലാണ് റബ്ബർ ബോർഡ് രൂപീകരിച്ചത്. ഇന്ത്യയിൽ റബ്ബർ കൃഷി ചെയ്യുന്ന ഏതൊരു കർഷകനും, തങ്ങൾ റബ്ബർ കൃഷി നടത്തുന്ന ഭൂമി റബർ ബോർഡിൽ രജിസ്റ്റർ ചെയ്യാം.

അത്തരത്തിൽ രജിസ്ട്രേഷൻ നേടുന്നവർക്ക് കാലാകാലങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്ന സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് ഈ നിയമം. കേന്ദ്ര സർക്കാരിന് ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ റബർ കയറ്റുമതി/ഇറക്കുമതി എന്നിവയ്ക്കു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരം നൽകുന്നതാണ് റബർ ആക്ട്.
റബർ വിപണനം ചെയ്യുവാനുള്ള അടിസ്ഥാന വിലയും പരമാവധി വിലയും നിശ്ചയിക്കാനുള്ള അധികാരവും ഈ നിയമം കേന്ദ്ര സർക്കാരിനു നൽകുന്നു.

കർഷക താത്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിനെതിരെ കേരളത്തിലെ റബ്ബർ ബെൽറ്റ് ആയ കോട്ടയം ജില്ലയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ജില്ലയിലെ കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ടോമി കല്ലാനി ആണ് ഈ വിഷയത്തിൽ പ്രതിഷേധ സ്വരം ഉയർത്തിയ ആദ്യ നേതാവ്.

ഇത്തരത്തിലൊരു നീക്കം വിദേശരാജ്യങ്ങളിൽ നിന്ന് അനിയന്ത്രിതമായി റബർ ഇറക്കുമതി ചെയ്യുവാനുള്ള പ്രവണത സൃഷ്ടിക്കുമെന്നും, അത് മധ്യതിരുവിതാംകൂറിലെ കാർഷികമേഖലയുടെ നട്ടെല്ലൊടിക്കും എന്നും അദ്ദേഹം പ്രസ്താവിച്ചു.

പി ജെ ജോസഫ്, തോമസ് ചാഴികാടൻ, ജോസ് കെ മാണി എന്നീ കേരള കോൺഗ്രസ് നേതാക്കളും കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധ ആഹ്വാനം നടത്തി കഴിഞ്ഞു. കേന്ദ്ര സർക്കാരിൻറെ നീക്കം ഫലപ്രാപ്തിയിൽ എത്തിയാൽ അത് കേരളത്തിലെ കർഷകരെ സംബന്ധിച്ചിടത്തോളം ഒരു വലിയ തിരിച്ചടിയായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2