കോട്ടയം: സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്നു നഗരമധ്യത്തില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ റിട്ട. പോലീസ്‌ ഉദ്യോഗസ്‌ഥന്റെ ശ്രമം. കൊല്ലാട്‌ നെടുമ്ബുറത്തു ശശികുമാറാണു (പന്തല്‍ ശശി, 58) ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ തിരുനക്കര മൈതാനത്തിലെ സ്‌റ്റേജില്‍ ആത്മഹത്യാശ്രമം നടത്തിയത്‌.
80 ശതമാനം പൊള്ളലേറ്റു ഗുരുതര നിലയിലായ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിലാണ്‌. പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുന്നതു കണ്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ വിവരം അറിയിച്ചതോടെ സ്‌ഥലത്ത്‌ പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ എത്തി തീ കെടുത്തിയശേഷം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 2012ല്‍ സര്‍വീസ്‌ ബ്രേക്കിനെത്തുടര്‍ന്നു ഇദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

തുടര്‍ന്നു എ.എസ്‌.ഐയായിരിക്കേ 2016ല്‍ സ്വയം വിരമിക്കല്‍ വാങ്ങി. എന്നാല്‍, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകുല്യങ്ങള്‍ ലഭിച്ചിരുന്നില്ലത്രേ.
ഇതേത്തുടര്‍ന്നു മുഖ്യമന്ത്രി, സംസ്‌ഥാന പോലീസ്‌ മേധാവി തുടങ്ങിയവര്‍ക്കു പലതവണ പരാതി നല്‍കി. പരിഹാരം ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്നു കഴിഞ്ഞ ദിവസം നടന്ന അദാലത്തിലും പരാതി നല്‍കിയിരുന്നുവെങ്കിലും പരിഗണിച്ചില്ല. ഇതേത്തുടര്‍ന്നാണു ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. വിരമിച്ച ശേഷം പന്തല്‍ ഇടുന്ന കരാര്‍ ഏറ്റെടുത്ത്‌ ചെയ്യുകയായിരുന്നു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്‌, ചിങ്ങവനം, കോട്ടയം ഈസ്‌റ്റ്‌ സ്‌റ്റേഷനുകളില്‍ ജോലി ചെയ്‌തിട്ടുണ്ട്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2