തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് കുത്തനെ കുറഞ്ഞതായി വിവരം. ഇന്ന് വെറും 14,137 സാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് 1140 പേരില്‍ രോഗം കണ്ടെത്തിയത്. ഇന്നലത്തെ കണക്കുകള്‍ അനുസരിച്ച്‌ 18,027 സാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് 1530 പേര്‍ക്കാണ് രോഗം വന്നതായി കണ്ടെത്തിയത്.

സാധാരണ 30, 000 മുതല്‍ 50,000ത്തില്‍ കൂടുതല്‍ വരെ സാംപിളുകളാണ് പരിശോധനയ്ക്കായി എടുത്തിരുന്നത്. ഇതുതന്നെയാണ് രണ്ടുദിവസമായി സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം കുറവായി രേഖപ്പെടുത്തുന്നതെന്നാണ് അനുമാനം.

പരിശോധനാ സാംപിളുകളുടെ എണ്ണം കുറയാന്‍ ഓണാവധിയും മറ്റും കാരണമായെന്നും കരുതപ്പെടുന്നു. നൂറ് ദിന കര്‍മപദ്ധതിയിലൂടെ ദിവസേന അരലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്.

അതോടൊപ്പം സെപ്തംബര്‍ മാസത്തില്‍ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം കൂടുമെന്നും വിദഗ്ദസമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിശോധനാ നിരക്ക് കുറഞ്ഞിട്ടും ഇത്രയും പേരില്‍ രോഗം കണ്ടെത്തിയെന്ന വസ്തുത ആശങ്കപ്പെടുത്തുന്നതുമാണ്.

ഇതുമൂലം ഇനി വരുന്ന ദിവസങ്ങളില്‍ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുമെന്നുള്ള ആശങ്കയും വര്‍ദ്ധിപ്പിക്കുന്നു. ടെസ്റ്റിലൂടെ രോഗബാധിതനെ കണ്ടെത്തിയാല്‍ മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനാവും എന്നതാണ് ഏറ്റവും വലിയ മെച്ചങ്ങളില്‍ ഒന്ന്. എന്നാല്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ ഇത് അസാദ്ധ്യമായി മാറുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2