ഹൈദരാബാദ്: ശസ്ത്രക്രിയക്കായി മാറ്റിവച്ച പണം നഷ്ടമായ കര്‍ഷകന് സഹായവുമായി മന്ത്രി. കര്‍ഷകനായ റെഡ്യ നായിക്കിന്റെ പണമാണ് എലികരണ്ട് നഷ്ടപ്പെട്ടത്. ഇയാളുടെ ദുരവസ്ഥയറിഞ്ഞ് തെലങ്കാനയിലെ വനിതാ-ശിശുക്ഷേമ മന്ത്രി സത്യവതി റാഥോഡാണ് സഹായവുമായി എത്തിയത്. മഹബൂബാബാദ് ജില്ലയിലെ വെമുനുര്‍ ഗ്രാമത്തിലെ പച്ചക്കറി കര്‍ഷകനാണ് റെഡ്യ നായിക്ക്. ശസ്ത്രക്രിയക്കായി ഇയാള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപയാണ് എലി കരണ്ടത്.

വയറ്റില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റെഡ്യ നായിക്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് ശസ്ത്രക്രിയയും അനുബന്ധ ചിലവുകളും കൂടെ ഏകദേശം 4 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി വേണ്ടിയിരുന്നത്. റെഡ്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു തുകയായിരുന്നു. ചികിത്സ അടിയന്തരമായി തുടരേണ്ട സാഹചര്യമുള്ളതിനാല്‍ അതിനായുള്ള പണം സ്വരൂപിച്ച്‌ വരികയായിരുന്നു. ഏതാണ്ട് രണ്ട് ലക്ഷം രൂപ പല സമയങ്ങളിലായി സ്വരൂപിച്ചു. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നല്‍കിയ ചെറിയ തുകയും സഹായകരമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ചൊവ്വാഴ്ച ആശുപത്രിയില്‍ പണം നല്‍കാനായി അലമാര തുറന്നപ്പോഴാണ് ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണം എലി കരണ്ടിരിക്കുന്നത് കണ്ടത്. പണം മാറ്റി നല്‍കുമോ എന്നറിയാന്‍ പല ബാങ്കുകളിലും കയറിയിറങ്ങിയെങ്കിലും അത് സാധ്യമല്ലെന്ന് അറിഞ്ഞു.നോട്ടുകളിലെ നമ്ബര്‍ നശിച്ചതിനാല്‍ റിസര്‍വ്വ് ബാങ്കിനെ നേരിട്ട് സമീപിക്കാനാണ് കര്‍ഷകന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

റെഡ്യയുടെ ദുരവസ്ഥയറിഞ്ഞ സത്യവതി റാഥോഡ് കര്‍ഷകന് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയായിരുന്നു. ഉദരസംബന്ധ ശസ്ത്രക്രിയക്കായി നാലുലക്ഷം രൂപയായിരുന്നു വേണ്ടിയിരുന്നത്. പണം കണ്ടെത്തുന്നതിനെക്കുറിച്ചോ രോഗത്തെ കുറിച്ചോ ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി റെഡ്യ ആവശ്യപ്പെടുന്ന ആശുപത്രിയില്‍ ചികിത്സ നടത്താമെന്നും അറിയിച്ചു.