ആല്‍വാന്‍: പരാതി നല്‍കാൻ പോലീസ് സ്‌റ്റേഷനിലെത്തിയ 26 കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഖേര്‍ളിയിലാണ് സംഭവം. വിവരം പുറത്തുവന്നതോടെയാണ് നടപടിയെടുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായത്.
സ്ത്രീധനം സംബന്ധിച്ച വിഷയത്തിലായിരുന്നു പരാതി. പരാതി നൽകിയതിന് ശേഷം സംഭവത്തിൽ നടപടി സ്വീകരിക്കാമെന്ന് എസ്‌ഐ ഭരത് സിംഗ് ഉറപ്പ് നൽകുകയും ചെയ്തു . എന്നാൽ അടുത്ത ദിവസം ഇയാൾ യുവതിയെ ക്വാട്ടേഴ്‌സിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്ന് പറഞ്ഞാണ് യുവതിയെ വിളിച്ചത്.
തുടർന്ന് ക്വാട്ടേഴ്‌സിലെത്തിയ യുവതിയെ എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് പോലീസ് സ്‌റ്റേഷനിൽ വെച്ചും ഇയാൾ യുവതിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിന് ശേഷം ആൽവാർ പോലീസ് സൂപ്രണ്ടിന് യുവതി പരാതി നൽകിയതോടെ ഭരത് സിംഗിനെ സസ്‌പെന്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭരത് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എസ്ഐയെ രക്ഷിക്കാൻ യുവതിയുടെ രേഖകളിൽ തിരുത്തൽ വരുത്തിയ ഹെഡ് കോൺസ്റ്റബിൾ പ്രകാശ് ചന്ദിനെയും സസ്പെന്റ് ചെയ്തു. മൂന്നു ദിവസം സ്‌റ്റേഷനു സമീപമുള്ള മുറിയില്‍വച്ച്‌ സബ് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്നാണ് 26 കാരിയായ യുവതിയുടെ പരാതി. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2