തിരുവനന്തപുരം: കൊവിഡ് കണക്കിനിടെ രാഷ്ട്രീയ ആരോപണങ്ങളും വിവാദ പരാമര്‍ശങ്ങളും മുഖ്യമന്ത്രി നടത്തുന്നത് ശരിയല്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരത്തിന് ചേര്‍ന്നതല്ലെന്നും ആളുകള്‍ വാര്‍ത്താസമ്മേളനം കാണുന്നത് കൊവിഡ് കണക്കുകളും ആനുകൂല്യങ്ങളും അറിയാനാണെന്നും ചെന്നിത്തല പറഞ്ഞു. കൊവിഡ് കാലത്തെ വാര്‍ത്താസമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുത്. വാര്‍ത്താസമ്മേളനത്തെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെയും നേതാക്കളെയും അപമാനിക്കാനായി കൊവിഡ് വാര്‍ത്താസമ്മേളനത്തെ ഉപയോഗിക്കുകയാണ്. വിരോധമുള്ളവരെ കരിവാരിത്തേക്കാനുള്ളതല്ല വാര്‍ത്താസമ്മേളനമെന്നും ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് അനാവശ്യ കാര്യങ്ങള്‍ പറയാന്‍ പാടില്ല. പണ്ടും ഇത്തരത്തില്‍ പിണറായി പറഞ്ഞിട്ടുണ്ട്. അന്ന് പി.ആര്‍. ഏജന്‍സികള്‍ ഉണ്ടായിരുന്നു. ഇന്ന് പി.ആര്‍. ഏജന്‍സികള്‍ ഇല്ലാത്തത് കൊണ്ടാവാം നേരിട്ട് വിളിച്ചു പറയുന്നതെന്നും മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയിരുന്നെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്കായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മറുപടി പറഞ്ഞത്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ സ്വപ്‌നമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരൻ നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.