രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും സാമ്പത്തിക ഭദ്രതയും ഫെഡറല്‍ ഭരണ സംവിധാനങ്ങളും അതീവ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍, ശക്തമായ ദേശീയ ബദലിനു രൂപം നല്‍കാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

 

ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

ഒരു തരത്തിലുമുള്ള പ്രതീക്ഷയും പ്രേരണയുമില്ലാത്തവരായി ജനങ്ങള്‍ മാറിയിരിക്കുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് അഭിനിവേശവും ഉള്‍പ്രേരണയുമില്ലാതെ, കേവലം ഭൂതകാലത്തിന്‍റെ തടവറയില്‍ അഭയം തേടേണ്ട അവസ്ഥയിലാണ് ജനങ്ങളെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ, “ഇന്ത്യയെ കണ്ടെത്തല്‍” എന്ന വിഖ്യാത കൃതി ഉദ്ധരിച്ച് ചെന്നിത്തല രാഹുലിനെ ഓര്‍മിപ്പിച്ചു. 

താങ്കളുടെ മുത്തച്ഛന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്പികള്‍ വളരെ കരുതലോടെ തയാറാക്കിയ നമ്മുടെ ഭരണഘടനയുടെ അന്തഃസത്ത തന്നെ ഇപ്പോഴത്തെ ഭരണാധികാരികൾ ആസൂത്രിതമായി ദുർബലപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. പണ്ഡിറ്റ്ജി എഴുതിയതുപോലെ, പ്രതീക്ഷയിൽ നിന്നും ദേശീയതയുടെ ചൈതന്യത്തിൽ നിന്നും നമ്മള്‍ ക്രമേണ അകലുകയാണ്.

 

ഭരണഘടന, പാർലമെന്‍ററി ജനാധിപത്യം, ഫെഡറലിസം, മതേതരത്വം തുടങ്ങിയവ ദുർബലപ്പെടുത്താന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. ഈ രാജ്യത്തെ  സമാധാനപ്രേമികളായ മുഴുവന്‍ ജനങ്ങളെയും നിരാശപ്പെടുത്തുന്ന ഇത്തരം നടപടികള്‍ ഒരിക്കലും അനുവദിക്കാന്‍ കഴിയുന്നതല്ല- ചെന്നിത്തല ചൂണ്ടിക്കാട്ടി.

മോദി –ഷാ അച്ചുതണ്ട് മൂല്യങ്ങളെ അട്ടിമറിക്കുന്നു.

 രാജ്യത്തിന്‍റെ സനാതന മൂല്യങ്ങളെയാണ് സാമ്പത്തികസ്വാധീനവും അധികാര ദുർവിനിയോഗവും മൂലം നരേന്ദ്ര മോദി- അമിത് ഷാ കൂട്ട് കെട്ട് വെല്ലുവിളിക്കുന്നത്. അവര്‍ ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ തന്നെ ഇല്ലാതാക്കുന്നു.  കർണാടകയിലും മധ്യപ്രദേശിലും ജനങ്ങള്‍ തെരഞ്ഞെടുത്ത കോൺഗ്രസ് സർക്കാരുകളെപ്പോലും അവര്‍ പണം മുടക്കി അട്ടിമറിച്ചു. രാജസ്ഥാനിലും സമാനമായ നീക്കങ്ങളുണ്ടായി. എന്നാല്‍ രാഹുലിന്‍റെ അവസരോചിതമായ നടപടി മൂലം രാജസ്ഥാനില്‍ അശോക് ഗേലോട്ടിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ നിലനിര്‍ത്താനായെന്ന് ചെന്നിത്തല കത്തില്‍ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പ്രവർത്തകരും പാര്‍ട്ടി വിട്ടു പോകുന്നതില്‍ നിന്ന് തടയാന്‍ താങ്കളുടെ നേതൃത്വം മൂലം കഴിയുമെന്നതിന് ഉദാഹരണമാണ് രാജസ്ഥാനില്‍ പാര്‍ട്ടിക്കുണ്ടായ ഉജ്വലമായ മടങ്ങിവരവ്. ഇതു നിലനിര്‍ത്തേണ്ടതുണ്ട്. അഭൂതപൂർവമായ ഒരു പ്രതിസന്ധിയിലൂടെയാണു പാര്‍ട്ടി  കടന്നുപോകുന്നത്. ഈ പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടി നൗക യഥാവിധി നിയന്ത്രിച്ചു നയിക്കാന്‍ അനാരോഗ്യം പോലും വകവയ്ക്കാതെ മാഡം സോണിയ ഗാന്ധി ഏറെ ബുദ്ധുമുട്ടുകയാണ്. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളും വക്രതയും മറികടക്കാന്‍, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനു താങ്കളുടെ യുവത്വവും ചലനാത്മകവുമായ നേതൃത്വം വളരെ അത്യാവശ്യമാണെന്നും കത്തില്‍ പറയുന്നു.

2019ലെ തീരുമാനം തിരുത്താന്‍ സമയമായി

2019 ലെ ദേശീയ തെരഞ്ഞെടുപ്പിൽ യുപിഎയുടെ പരാജയത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനം രാജി വച്ചതു വഴി വളരെ ഉന്നതമായ രാഷ്‌ട്രീയ കുലീനത്വമാണ് താങ്കള്‍ കാണിച്ചത്. അന്നെടുത്ത തീരുമാനത്തില്‍ നിന്ന് താങ്കള്‍ പിന്തിരിയാന്‍ സമയമായി. അടുത്ത ഒന്‍പതു മാസങ്ങള്‍ക്കുള്ളില്‍  ബീഹാറിലേക്കും മറ്റ് അഞ്ച് സംസ്ഥാനങ്ങളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഈ സമയത്ത് രാഹുല്‍ ഗാന്ധിയുടെ ഊര്‍ജസ്വലമായ നേതൃത്വം പാര്‍ട്ടിക്ക് ആവശ്യമുണ്ട്. താങ്കള്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് കാണാന്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഏറെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. അത് പാര്‍ട്ടിക്ക് അനിതരസാധാരണമായ ഊര്‍ജം പകരും. നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിന് ഏകബദല്‍ രാഹുൽ ഗാന്ധി മാത്രമാണ്. ചില മുഖ്യധാരാ മാധ്യമങ്ങൾ പോലും പക്ഷപാതപരവും ഏകപക്ഷീയവുമായ നിലപാടുകള്‍ കൈക്കൊള്ളുന്ന ഈ കാലഘട്ടത്തിൽ, മോദി – അമിത് ഷാ അച്ചുതണ്ടിനെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കു മാത്രമാണ് വിജയിക്കാന്‍ കഴിയുന്നത്.

 കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും സിഎഎയിലും ഇന്തോ-ചൈന നയതന്ത്രത്തിലുമൊക്കെ വലിയ വീഴ്ചയാണ് മോദി സര്‍ക്കാര്‍ വരുത്തിയത്. ഇവയൊക്കെ പരിഹരിക്കുന്നതിനും രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത സംരക്ഷിക്കുന്നതിനും മതേതരവും ജനാധിപത്യപരവുമായ ഘടന നിലനിര്‍ത്തുന്നതിലുമൊക്കെ രാജ്യം പ്രതീക്ഷയോടു നോക്കുന്നത് നെഹ്റു കുടുംബത്തെയാണ്. നരേന്ദ്ര മോദി ഉയര്‍ത്തുന്ന വെറുപ്പിന്‍റെ വെല്ലുവിളികളല്ല, രാഹുല്‍ ഗാന്ധി മുഴക്കുന്ന സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും കരുതലാണ് ഇന്നത്തെ ഇന്ത്യയ്ക്ക് ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2