കോഴിക്കോട്: രാമനാട്ടുകര പുളിഞ്ചോട് അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണെന്ന് വ്യക്തമായി. അപകടത്തിന് സ്വര്‍ണകള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. വിദേശത്ത് നിന്നെത്തുന്നയാളെ നാട്ടിലേക്ക് കൊണ്ടുപോവാന്‍ എന്തിന് പതിനഞ്ച് പേര്‍ വന്നു? ചെര്‍പ്പുളശ്ശേരിക്ക് പോവേണ്ടവര്‍ രാമനാട്ടുകരയ്ക്ക് വന്നതെന്തിന്? ഈ ചോദ്യങ്ങള്‍ക്കൊക്കെ കൂടെയുണ്ടായിരുന്നവരില്‍ നിന്ന് ലഭിച്ചത് പരസ്പരവിരുദ്ധമായ ഉത്തരങ്ങള്‍. ഇത് സംശയം ഇരട്ടിപ്പിച്ചു. അപകടത്തില്‍പ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവര്‍ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നായിരുന്നു ഇവരാദ്യം നല്‍കിയിരുന്ന മൊഴി.പിന്നീട് അപകടമുണ്ടായെന്ന വിവരം ലഭിച്ചതനുസരിച്ചാണ് തങ്ങള്‍ അപകടസ്ഥലത്ത് എത്തിയതെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ ആരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നല്‍കിയില്ല.

അപകടത്തെക്കുറിച്ച്‌ പൊലീസിന്റെ നിഗമനം ഇങ്ങനെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മലപ്പുറം മൂര്‍ക്കനാട് സ്വദേശി ഷഫീഖ് കൊടുവള്ളി സ്വദേശിക്ക് രണ്ടരകിലോ സ്വര്‍ണ്ണം ദുബായില്‍ നിന്ന് കൊണ്ടുവരുന്നു. ഈ വിവരം ക്വട്ടേഷന്‍ നേതാവായ ചേര്‍പ്പുളശേരി സ്വദേശി ചരല്‍ ഫൈസലിന് ചോര്‍ന്നു കിട്ടി. സ്വര്‍ണം തട്ടിയെടുക്കാന്‍ ഫൈസലിന്റെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘം പദ്ധതിയിടുന്നു. ബൊലേറോ, ഇന്നോവ, ബലെനോ കാറുകളില്‍ സംഘം കരിപ്പൂരില്‍ എത്തി. കൊടുവള്ളിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച്‌ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങള്‍ നിരീക്ഷിച്ചു. ഫോര്‍ച്യൂണറിലും ഥാറിലുമാണ് കൊടുവള്ളി സംഘം എത്തിയത്. ഷഫീഖിനെ എയര്‍പോര്‍ട്ടില്‍ വെച്ചു പിടികൂടിയതറിഞ്ഞ കൊടുവള്ളി സംഘം ധൃതിയില്‍ എയര്‍പോര്‍ട്ടിന് പുറത്തേക്ക് കടന്നു. എന്നാല്‍ സ്വര്‍ണവുമായാണ് കൊടുവള്ളിക്കാര്‍ പോവുന്നതെന്ന ധാരണയില്‍ ചരല്‍ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള ചെര്‍പ്പുളശേരി സംഘം പിന്തുടര്‍ന്നു.

വിമാനത്താവളത്തിന് പുറത്ത് ന്യൂമാന്‍ ജംഗ്ഷനില്‍ വെച്ച്‌ ഇരു സംഘവും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. ഇവിടെ നിന്ന് കൊടുവള്ളി സംഘത്തിലെ ഒരു വാഹനം കോഴിക്കോട് ഭാഗത്തേക്ക്‌ പോയി. സ്വര്‍ണം ആ വാഹനത്തിലാണെന്ന ധാരണയില്‍ കവര്‍ച്ചാ സംഘത്തിലെ അഞ്ചു പേര്‍ ബൊലേറോ കാറില്‍ ഇവരെ പിന്തുടര്‍ന്നു. യഥാര്‍ത്ഥത്തില്‍ കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് പിടിച്ചെന്ന് മനസിലായതോടെ ചേര്‍പ്പുളശേരിക്കാര്‍ കരിപ്പൂരിലേക്ക് തിരിച്ചു. അതിവേഗത്തില്‍ മടങ്ങുകയായിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. അഞ്ചു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.മരിച്ച അഞ്ചു പേരുള്‍പ്പെടെ ചെര്‍പ്പുളശേരി സംഘത്തിലെ പതിനഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു. എട്ട് പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കും. ഐപിസി 399 പ്രകാരം കൊളള നടത്താനാണ് ശ്രമിച്ചത് എന്ന രീതിയിലാണ് കേസെടുത്തിരിക്കുന്നത്. കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷെഫീക്കില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. TDY എന്ന പേരില്‍ വാട്ട്സ് അപ് ഗ്രൂപ് രൂപീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക