ചെന്നൈ: രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് രജനീകാന്ത്. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് തീരുമാനം.കടുത്ത നിരാശയോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

തന്നെ വിശ്വസിച്ച്‌ രാഷ്ട്രീയത്തിലിറങ്ങുന്നവര്‍ ദുഃഖിക്കാന്‍ ഇടവരരുതെന്നും, വാക്കുപാലിക്കാനാവാത്തതില്‍ കടുത്ത വേദനയുണ്ടെന്നും രജനീകാന്ത് ട്വീറ്ററില്‍ കുറിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രജനീകാന്തിനെ ‘അണ്ണാത്തെ’ എന്ന സിനിമയുടെ സെറ്റില്‍ നിന്ന് നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഈ മാസം ആദ്യമാണ് രജനികാന്ത് പ്രഖ്യാപിച്ചത്. ആരാധക കൂട്ടായ്‌മയായ രജനി മക്കള്‍ മന്‍ട്രവുമായുളള കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും, ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നും, ചിഹ്നം ഓട്ടോറിക്ഷയായിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2