കോട്ടയം:കോവിഡിന് പിന്നാലെ കോട്ടയത്ത് സര്‍വ്വനാശം വിതച്ച് കനത്തമഴയും കാറ്റും.ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് ജില്ലയില്‍ പല ഭാഗങ്ങളിലായി വലിയ തോതില്‍ മണ്ണിടിച്ചിലുംവെള്ളപൊക്കവുമുണ്ടായിരിക്കുന്നത്.
കോട്ടയം നഗരമദ്ധ്യത്തില്‍ മുട്ടമ്പലം റയില്‍ പാളത്തില്‍ മണ്ണിടിഞ്ഞു പാളത്തിലേക്ക് വീണു.ഗാന്ധി നഗറിലും റയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു.ഇതോടെ കോട്ടയം വഴിയുള്ള ട്രയിന്‍ ഗതാഗതം പൂര്‍ണമായും നിലച്ചു.പലയിടത്തും റോഡിലേയ്ക്കു മരങ്ങള്‍ കടപുഴകി വീണും, റോഡില്‍ വെള്ളക്കെട്ടായും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.ബുധനാഴ്ച പുലര്‍ച്ചെയാണ് മുട്ടമ്പലത്തും, ഗാന്ധിനഗറിലും റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണത്. മുട്ടമ്പലത്ത് തുരങ്കത്തിനു മുന്നിലുള്ള ഭാഗത്താണ് റെയില്‍വേ ട്രാക്കിലേയ്ക്കു മണ്ണിടിഞ്ഞു വീണത്. ട്രെയിനിനൊപ്പം ഉയരുമുള്ള ഭാഗമാണ് ഇവിടെ.
ഇടിഞ്ഞു വീണ മണ്ണിനടിയില്‍ റെയില്‍വേയുടെ വൈദ്യുതി പോസ്റ്റുകളും പെട്ടിട്ടുണ്ട്. ഇതോടെയാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഇതേ തുടര്‍ന്നു തിരുവനന്തപുരം എറണാകുളം സ്പെഷ്യല്‍ ട്രെയിന്‍ ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിച്ചു.ഗാന്ധിനഗറിലും സമാന രീതിയില്‍ തന്നെയാണ് റെയില്‍വേ ട്രാക്കിലേയ്ക്കു മണ്ണിടിഞ്ഞിരിക്കുന്നത്. ഉയര്‍ന്ന ഭാഗത്തെ മണ്ണ് ട്രാക്കിലേയ്ക്കു അപ്രതീക്ഷിതമായി ട്രാക്കിലേയ്ക്കു ഇടിഞ്ഞു വീഴുകയായിരുന്നു. ട്രെയിനുകള്‍ ഈ സമയം ഇതുവഴി കടന്നു വരാതിരുന്നതിനാല്‍ അപകടം ഒഴിവായി.
ജോസ്കോ ജുവലറി ഗ്രൂപ്പിന്റെ പുത്തനങ്ങാടിയിലെ വീടിന്റെ മതിലും കനത്ത മഴയില്‍ ഇടിഞ്ഞ് റോഡിലേയ്ക്കു വീണിട്ടുണ്ട്.
കളത്തിപ്പടി കാരാണി കലുങ്കില്‍ കനത്ത മഴയില്‍വെള്ളക്കെട്ട് ഉണ്ടായി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ചുങ്കം കവലയില്‍ നിന്ന വലിയ മരം കനത്ത മഴയില്‍ റോഡിലേയ്ക്കു കട പുഴകി വീണു.
പാലാ കൊഴുവനാല്‍ ഫാത്തിമ ആശുപത്രിയ്ക്കും കവലയ്ക്കും ഇടയിലുണ്ടായ കനത്ത മഴയില്‍ വീടിന്റെ മുറ്റം റോഡിലേയ്ക്കു ഇടിഞ്ഞു വീണ് കനത്ത നാശം ഉണ്ടായിട്ടുണ്ട്. കോട്ടയം നഗരമധ്യത്തില്‍ ശീമാട്ടിയുടെ സമീപത്തു കൂടി സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസ് ഭാഗത്തേയ്ക്കുള്ള റോഡില്‍ മതില് ഇടിഞ്ഞു വീണു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്. ശീമാട്ടിയുടെ സമീപത്താണ് ജനറല്‍ ആശുപത്രിയിലെ നഴ്സിംങ് കോളേജിന്റെ മതില് ഇടിഞ്ഞു വീണത്.രാവിലെ ഉണ്ടായ കനത്ത കാറ്റില്‍ ഏറ്റുമാനൂര്‍ കുറുമുള്ളൂര്‍ നെടിയം കാലായില്‍ ലാലുവിന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു.ആര്‍ക്കും പരിക്കില്ല.