രാഹുൽ ഗാന്ധി മുന്നിൽ നിന്നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നയിക്കുന്നത്. ഏതുവിധേനയും യുഡിഎഫ് വിജയം ഉറപ്പിക്കുക എന്നത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ അഭിമാന വിഷയമായി മാറിയിരിക്കുന്നു. കേരളജനതയെ ഇളക്കിമറിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പൊതുയോഗങ്ങളും റോഡ് ഷോയും പുരോഗമിക്കുന്നത്.

കേരളാ കോൺഗ്രസ് മുന്നണി വിട്ടു പോയ സാഹചര്യത്തിൽ മധ്യതിരുവിതാംകൂറിൽ തിരിച്ചടി ഉണ്ടാകാതെ നോക്കേണ്ടത് കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് നിർണായകമാണ്. അതുകൊണ്ടുതന്നെ കോട്ടയം പത്തനംതിട്ട ജില്ലകൾക്ക് പ്രത്യേകപരിഗണന കൊടുത്തുകൊണ്ടാണ് രാഹുൽഗാന്ധിയുടെ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.  പൊതുപരിപാടികൾ കൂടാതെ വരുംദിവസങ്ങളിൽ പ്രമുഖ വ്യക്തികളെ കണ്ട് നിർണായക രാഷ്ട്രീയ നീക്കങ്ങൾ നടത്താൻ രാഹുൽ ഒരുങ്ങുന്നതെന്നാണ് സൂചന. ഇതിൻറെ ആദ്യപടിയായാണ് എരുമേലിയിലെ പൊതു പരിപാടിക്ക് ശേഷം രാഹുൽഗാന്ധി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷനെ സന്ദർശിച്ചത്.

ഇടതുപക്ഷത്തോട് ഇടയ ലേഖന വിവാദത്തിൽ കത്തോലിക്കാ സഭയ്ക്ക്  നീരസം:

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരെ കൊല്ലം രൂപത ഇടയലേഖനം പുറത്തിറക്കിയിരുന്നു. ബിഷപ്പ് ഉൾപ്പെടെയുള്ള സഭാ നേതൃത്വത്തിനെതിരെ ഈ വിഷയത്തിൽ രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയനും, ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഉയർത്തിയത്. പിണറായിയുടെ തനിനിറം പുറത്തു വന്നു എന്നാണ് കത്തോലിക്കാ സഭാ നേതൃത്വം ഈ വിമർശനങ്ങളെ വിശകലനം ചെയ്തു വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ പ്രത്യക്ഷമായി യുഡിഎഫ് അനുകൂല നിലപാടിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് കത്തോലിക്കാസഭ എന്നാണ് വിവരം. ഈ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷനുമായി രാഹുൽഗാന്ധി നടത്തിയ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രസക്തി ആണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കൽപ്പിച്ചിരിക്കുന്നത്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2