തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കവെ എല്ലാ മണ്ഡലത്തിലും ഊര്‍ജമാകുന്ന രീതിയില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇടതുപക്ഷം തുടര്‍ഭരണം നേടുമെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ മുഖവിലയ്ക്കെടുത്ത് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ നേമം മണ്ഡലത്തില്‍ നിര്‍ത്തി ബിജെപിക്കെതിരായ സ്ഥാനാര്‍ഥിയാക്കുകയും ഇതുവഴി സംസ്ഥാനമെങ്ങും ചലനമുണ്ടാക്കുകയുമാണ് കോണ്‍ഗ്രസ് തന്ത്രം. നേമം മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരിഗണിച്ചെങ്കിലും ഇരുവരും താത്പര്യം കാട്ടാത്തതോടെ ശശി തരൂരിനെ നേമത്ത് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസിനുള്ളില്‍ സജീവമായ ആലോചന. തരൂര്‍ നേമത്ത് സ്ഥാനാര്‍ഥിയായാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായ രീതിയില്‍ കേരളമൊട്ടുക്കും തരംഗമുണ്ടാക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
രാഹുല്‍ ഗാന്ധിതന്നെയാണ് ഇക്കാര്യം സംസ്ഥാന നേതാക്കളോട് സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കെ സി വേണുഗോപാലിന്റെ പേരും നേമത്ത് പരിഗണിക്കുന്നുണ്ട്. നേമം മണ്ഡലത്തിന് പ്രാധാന്യമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതോടെ ഇവിടെ കരുത്തനായ നേതാവിനെ ഇറക്കുന്നതിലൂടെ ബിജെപിയെ നേരിടുന്നത് തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷത്തിന്റേയും ഹിന്ദുക്കളുടേയും വോട്ടുകള്‍ ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവ് നേമത്ത് എത്തുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്താകില്ല.
നേമം മണ്ഡലത്തെചൊല്ലി ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തിരക്കഥയക്കനുസരിച്ചുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേമം ഒരു സസ്പെന്‍സായി മാറ്റിവെക്കുകയും ഒടുവില്‍ അവിടെ മികവുറ്റ നേതാവ് എത്തുകയും ചെയ്താല്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ നല്കുന്ന ഊര്‍ജം ചെറുതായിരിക്കില്ല. കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുകയാണ്. മിക്ക സീറ്റുകളിലും തര്‍ക്കങ്ങള്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസിനുള്ളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുമെന്നാണ് സൂചന. അതേസമയം, ഇടതുപക്ഷം ഇതിനകം തന്നെ ഏറെക്കുറെ എല്ലാ മണ്ഡലങ്ങളിലും പ്രചരണം ആരംഭിച്ചിട്ടുണ്ട്.