തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ശ്രമം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു ആത്മഹത്യ ഭീഷണി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍റെ സമരം 14 ദിവസം പിന്നിടുമ്ബോഴായിരുന്നു ഇത്തരമൊരു സമരരീതി. ജോലി അല്ലെങ്കില്‍ മരണം. ഒരാള്‍ ജീവന്‍ വെടിഞ്ഞാല്‍ മറ്റുള്ളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ.. ഇതായിരുന്നു സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി എത്തിയ ഉദ്യോഗാര്‍ഥികളുടെ നിലപാട്.

ആത്മഹത്യ ശ്രമം ഉണ്ടാകുമെന്നറിഞ്ഞതോടെ പൊലീസ് ജാഗ്രതയോടെ നിലയുറപ്പിച്ചു. ഉദ്യോഗാര്‍ഥികളുടെ കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ പൊലീസ് പിടിച്ചുവാങ്ങി. ഇതിനിടെ കവറില്‍ സൂക്ഷിച്ച മണ്ണെണ്ണ റിജു എന്ന ഉദ്യോഗാര്‍ഥി ദേഹത്തൊഴിച്ചു. വെള്ളം ചീറ്റിയും പിടിച്ചുമാറ്റിയും പൊലീസ് നടപടി. ഫയര്‍ഫോഴ്സെത്തി റോഡ് അടക്കം കഴുകി. ആംബുലന്‍സില്‍ റിജുവിനെ ആശുപത്രിയിലേക്ക് മാറ്റി. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സമരം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്ബോഴും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഒരുറപ്പും ലഭിച്ചിട്ടില്ല. റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്നും റാങ്ക് പട്ടികയില്‍ നിന്നുള്ള പകുതിപ്പേര്‍ക്ക് പോലും നിയമനം ലഭിക്കില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

സമരത്തെ അഭിസംബോധന ചെയ്ത ലയ എന്ന ഉദ്യോഗാര്‍ഥി മാറിനിന്ന് കരയുന്ന ചിത്രം ഇപ്പോള്‍ വൈറലാവുകയാണ്. ആരുടെയും ഉള്ളുലയ്ക്കുന്നതാണ് ചിത്രമെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

‘ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പി.എസ്.സിയെ നോക്കുകുത്തിയാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന് പക്ഷേ ഈ കണ്ണീര് കാണേണ്ട. പത്താം ക്ലാസുകാരി സ്വപ്നയ്ക്ക് ലക്ഷത്തിലധികം രൂപ പ്രതിമാസം നല്‍കി നിയമിക്കാനാണ് അവരുടെ താല്‍പര്യം. ഒപ്പം തോറ്റ എംപിമാരുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാല ജോലി നല്‍കാനും’- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മൂന്നുലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നിട്ടുള്ളതെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിന്റെ അര്‍ഥം മൂന്നുലക്ഷം ചെറുപ്പക്കാര്‍ക്ക് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ജോലി നിഷേധിക്കപ്പെട്ടെന്നാണ്. യു.ഡി.എഫ് അധികാരത്തില്‍ വരുമ്ബോള്‍ അനധികൃത നിയമനങ്ങള്‍ക്കെതിരേ സമഗ്രമായ നിയമനിര്‍മാണം നടത്തും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. മൂന്നു മാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവു കിട്ടാവുന്നതായിരിക്കും ഈ കുറ്റം. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്‌സ്‌ച്ചേഞ്ച് വഴിയാക്കുമെന്നും ഇനിയൊരു ഉദ്യോഗാര്‍ഥിയുടെയും കണ്ണീര് ഇവിടെ വീഴരുതെന്നും ചെന്നിത്തല പറഞ്ഞു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2