കണ്ണൂര്‍: പാനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനും അക്രമങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമം തുടരുന്നതിനിടെ സി.പി.എം. അനുകൂലികളുടെ ഫെയ്സ്ബുക്ക് പേജായ “പോരാളി ഷാജി”യിലെ പ്രകോപന പോസ്റ്റ് വിവാദത്തില്‍. സമാധാനത്തിന് ആഹ്വാനം ചെയ്ത് സി.പി.എം. നേതൃത്വം രംഗത്തിറങ്ങിയിരിക്കെയാണ് ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ പ്രകോപനം തുടരുന്നത്. കണ്ണൂരില്‍ വിവിധയിടങ്ങളില്‍ സി.പി.എം. ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു മുസ്ലിം ലീഗിനു തിരിച്ചടി നല്കുമെന്നു വ്യക്തമാക്കുന്ന പ്രതികരണമുണ്ടായത്.
“ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകളും കച്ചവട സ്ഥാപനങ്ങളും നിരവധി പാര്‍ട്ടി ഓഫിസുകളുമാണ് ലീഗ് ചെന്നായകള്‍ നശിപ്പിച്ചിട്ടുള്ളത്.ആരും ഒരു നിക്ഷ്പക്ഷനും ഒരു സമുദായ നേതാവും പാര്‍ട്ടിക്കാരും അരുതെന്നു പറഞ്ഞിട്ടില്ല. ഇനിയൊരു കാറ്റ് വീശാനുണ്ട്. നല്ല വടക്കന്‍ കാറ്റ്. പലതും പാറിപ്പോകുന്നതു കാണാം. അപ്പൊ വീണ്ടും കരഞ്ഞോണം. അയ്യോ അക്രമരാഷ്ട്രീയം.” എന്നാണ് പോസ്റ്റിലെ വരികള്‍. അയ്യായിരത്തോളം പേര് ഇതിനോടു പ്രതികരിക്കുകയും ആയിരത്തോളം പേര് ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. ലീഗിനു തിരിച്ചടി നല്‍കണമെന്ന് അതിപ്രായപ്പെടുന്ന കമന്റുകള്‍ പ്രവഹിക്കുകയാണ്.