പാലാ നിയോജക മണ്ഡലത്തിലെ പഴുക്കാകാനത്തെത്തിയ ജലസേചന വകുപ്പ് ചീഫ് എൻജിനീയറെയും ജോസ് കെ മാണിയുടെ നിർദേശ പ്രകാരം അദ്ദേഹത്തെ അനുഗമിച്ച പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെയും പഞ്ചായത്ത് മെമ്പർ ജിൻസി ഡാനിയേലും നാട്ടുകാരും ചേർന്ന് തടഞ്ഞു. നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുക്കികൊണ്ട് പഴുക്കാകാനത്തിന് മുകളിൽ ഡാം നിർമ്മിക്കുവാനുള്ള അപ്രായോഗിക തീരുമാനം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ ചീഫ് എഞ്ചിനീയറെ അറിയിച്ചു. പാലാ നിയോജക മണ്ഡലത്തിലെ എംഎൽഎയെയും , ജലസേചന വകുപ്പിന്റെ പദ്ധതികൾ നടപ്പിലാക്കാൻ മുൻകൈയെടുത്ത ജില്ലാ പഞ്ചായത്ത് അംഗത്തെയും അറിയിക്കരുത് എന്ന് കർശന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയാണ് അയൽപക്ക നിയോജക മണ്ഡലത്തിലെ എംഎൽഎയായ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ സംഘത്തോടൊപ്പം മന്ത്രി അയച്ചത്.

കഴിഞ്ഞ ദിവസം മീനച്ചിൽ റിവർ വാലി പദ്ധതിയുടെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥ സംഘത്തെ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് അനുഗമിച്ചതിന്ഉദ്യോഗസ്ഥരെ ജോസ് കെ മാണി ശാസിച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തങ്ങളുടെ ജനപ്രതിനിധികളെ മനപ്പൂർവ്വം ഒഴിവാക്കിക്കൊണ്ടുള്ള പദ്ധതികൾ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഉദ്യോഗസ്ഥ സംഘവും അയൽപക്ക എംഎൽഎയും പഴുക്കാകാനാത്ത് നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജോസ് കെ മാണിയുടെ പരാജയത്തിനു പിന്നാലെ പാലാ നിയോജക മണ്ഡലത്തിൽ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളുടെയും ഉത്തരവാദി ജോസ് കെ മാണി ആണ് എന്ന് വ്യാപകമായ പ്രചരണം ആണ് കേരള കോൺഗ്രസ് കേന്ദ്രങ്ങൾ അഴിച്ചുവിടുന്നത്. പ്രധാന അവലോകന യോഗങ്ങളിലെല്ലാം അദ്ദേഹത്തെ പങ്കെടുപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്കും നിർദ്ദേശമുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഇതിൻറെ ഭാഗമായാണ് പാലാ ജനറൽ ഹോസ്പിറ്റലിലെ ഓക്സിജൻ പ്ലാൻറ് ട്രയൽ റണ്ണിൽ ഉൾപ്പടെ ജോസ് കെ മാണിയുടെ സാന്നിധ്യം ഉണ്ടായത്.

ഇതിനെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽനിന്ന് വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ജനവിധിയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഇടപെടലാണ് ജോസ് കെ മാണി നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ ആക്ഷേപവും ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം മാറി നിന്നുകൊണ്ട് രാഷ്ട്രീയ എതിർചേരിയിൽ ഉള്ള എംഎൽഎ ജില്ലാ പഞ്ചായത്ത് അംഗം എന്നിവരെ ഒഴിവാക്കുവാൻ തൊട്ട് അയല്പക്ക നിയോജക മണ്ഡലത്തിൽ നിന്ന് സ്വന്തം എംഎൽഎയെ പാലാ നിയോജക മണ്ഡലത്തിൽ കളത്തിലിറങ്ങിയത്. ഏതായാലും ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധം ഇതിനെതിരെ ഉയർന്നത് ജോസ് കെ മാണിയോട് അടുത്ത കേന്ദ്രങ്ങളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.