ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള കന്നഡ താരങ്ങള്‍ അടക്കം പതിനഞ്ചോളം പേരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറിയെന്ന് സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ്. ചില യുവനടീനടന്മാര്‍ മയക്കുമരുന്ന് സംഘത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുകയാണ്. ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളതായി തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും നിരവധി വീഡിയോകളും ചിത്രങ്ങളും അടക്കമുള്ള തെളിവുകളും പോലീസിനു കൈമാറിയതായി ലങ്കേഷ് പറഞ്ഞു. താന്‍ നല്‍കിയ തെളിവുകള്‍ കണ്ട് അന്വേഷണസംഘം ഞെട്ടിത്തരിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദ്രജിത്ത് ലങ്കേഷിനെ കഴിഞ്ഞദിവസം സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍ക്കോട്ടിക്‌സ് വിഭാഗം അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സിനിമാ പ്രവര്‍ത്തകരും ലഹരിമരുന്നു ഡീലര്‍മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. എല്ലാം വിഡിയോയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ലഹരി വിതരണ സംഘത്തെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇന്ദ്രജിത്ത് ലങ്കേഷ് നെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.

ചില നടന്മാരുടെ വിഡിയോയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഒരു നടി ലഹരിമരുന്ന് ഉപയോഗിച്ചശേഷം പാര്‍ട്ടിയില്‍ അപമര്യാദയായി പെരുമാറുന്നതിന്റെ വിഡിയോയും നല്‍കിയിട്ടുണ്ട്. ചില നടിമാര്‍ ഹണിട്രാപ്പും വേശ്യാവൃത്തിയും നടത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ലങ്കേഷ് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. ലങ്കേഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നു ജോയിന്റ കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ സീരിയല്‍ നടി ഡി അനിഖയും കൂട്ടാളികളായ എം.അനൂപ്, ആര്‍.രവീന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞദിവസം നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയില്‍ ആയിരുന്നു. അറസ്റ്റിലായ അനൂപും, രവീന്ദ്രനും മലയാളികളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2