തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനെതിരെയുള്ള കേസ് പിൻവലിക്കാനുള്ള പിണറായി സർക്കാരിൻ്റെ രഹസ്യ നീക്കത്തിനെതിരെ കേരള സർവകലാശാലയിലെ അധ്യാപിക ഡോ. ടി. വിജയലക്ഷ്മി തടസ ഹർജിയുമായി കോടതിയെ സമീപിച്ചു. എ.എ.റഹീമിൻ്റെ നേതൃത്വത്തിൽ മുൻ കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ് സർവീസ് ഡയറക്ടർ ആയിരുന്ന
ഡോ. വിജയലക്ഷ്മിയെ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേസ് പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജിക്കെതിരെയാണ് അധ്യാപിക തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തത്.

2017 മാർച്ച് 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരള സർവകലാശാല യുവജനോസ്തവവുമായി ബന്ധപ്പെട്ട് നിയമപരമല്ലാതെ ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ട എസ്.എഫ്.ഐ. യൂണിയൻ ഭാരവാഹികളുടെ നിലപാടിനെ ചോദ്യം ചെയ്ത അന്നത്തെ സർവകലാശാല സ്റ്റുഡൻ്റ് ഡയറക്ടർ ഡോ.വിജയലക്ഷ്മിയെ അകാരണമായി എസ്.എഫ്.ഐ. പ്രവർത്തകർ സിൻഡിക്കേറ്റ് അംഗമായിരുന്ന എ.എ.റഹീമിൻ്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറിൽ അധികമായി തടഞ്ഞുവച്ചു. ടോയിലറ്റിൽ പോകാൻ പോലും അനുവദിക്കാതെ തൻ്റെ തലമുടിയിഴകൾ ഓരോന്നായി പിഴുതെടുത്ത് പേന കൊണ്ട് കുത്തി നോവിച്ച വേദനയുടെ ഓർമകളാണ് അധ്യാപിക ഡോ. വിജയലക്ഷ്മിക്കുള്ളത്.

സത്യത്തിന് വേണ്ടി നിലകൊണ്ടതിന് അന്യായമായി തടഞ്ഞുവച്ച് ദേഹോപദ്രവം ഏൽപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലും തുടർന്ന് മുഖ്യമന്ത്രിക്കും പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടായില്ല. അവസാനം ഗവർണറെ കണ്ട് പരാതി കൊടുത്തതിന് ശേഷമാണ് കൻ്റോൺമെൻ്റ് പോലീസ് കേസ് എടുക്കാൻ തയ്യാറായത്.

ദുർബല വകുപ്പകൾ ചേർത്ത് കേസ് എടുത്ത പോലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് ആദ്യം മുതൽക്കേ കൈകൊണ്ടത്. പിന്നീട് ഇരയെ കേൾക്കാതെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സർക്കാരിൻ്റെ ഹർജി കോടതി തള്ളി. ഇരയറിയാതെ രഹസ്യമായി കേസ് പിൻവലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് വിലയിരുത്തിയ കോടതി ഇരയായ അധ്യാപികക്ക് നോട്ടീസ് അയച്ചു. തുടർന്നാണ് അധ്യാപിക പ്രതികളെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ തടസ്സ ഹർജി സമർപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2