കോട്ടയം: ഏറ്റുമാനൂരിൽ യുഡിഎഫിനും എൽഡിഎഫിനും അഭിമാന പോരാട്ടമാണ്. സിറ്റിങ് സീറ്റ് നിലനിർത്താൻ സിപിഎം ജില്ലയിലെ ഏറ്റവും കരുത്തനായ വി.എൻ വാസവനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസിൻ്റെ ശക്തികേന്ദ്രമായ മണ്ഡലം തിരുച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളാ കോൺഗ്രസിലെ യുവനേതാവ് പ്രിന്‍സ് ലൂക്കോസിനെ മൽസരിക്കുന്നത്. ഒരു കാലത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥിരം തട്ടകമായിരുന്ന ഏറ്റുമാനൂര്‍ സിപിഐഎമ്മിന്റെ സുരേഷ് കുറുപ്പ് 2011ലാണ് പിടിച്ചെടുത്തത്. രണ്ട് തവണ തുടര്‍ച്ചയായി വിജയം നേടിയ സിപിഎമ്മിനെ തളച്ച് മണ്ഡലം തിരിച്ചു പിടിക്കുകയാണ് പ്രിന്‍സ് ലൂക്കോസിൻ്റെ ലക്ഷ്യം.

കേരള കോണ്‍ഗ്രസ് യുവജന വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പ്രിന്‍സ് ലൂക്കോസിന് മണ്ഡലം പരിചതമാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ പിളര്‍പ്പിന് ശേഷം ജോസഫ് ഗ്രൂപ്പിലെത്തിയ പ്രിന്‍സിന് കേരള കോണ്‍ഗ്രസ് രാഷ്ട്രീയം, പാരമ്പര്യമായി കൈവന്നത് കൂടിയാണ്. കോട്ടയത്തെ കേരളാ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ്. അതിനാല്‍ തന്നെ യുവാക്കളുടെ വോട്ടിനൊപ്പം അച്ഛന്റെ പിന്‍ഗാമിയെന്ന നിലയിലുള്ള വോട്ടും പ്രിന്‍സിന് ലഭിക്കുമെന്ന് ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ പഞ്ചായത്ത് എന്നിവിടങ്ങളിലെ മിന്നും ജയമാണ് യുഡിഎഫ് ക്യാംപിൻ്റെ പ്രതീക്ഷ. ഇതോടൊപ്പം സൗമ്യനും ജനപ്രീതിയുമുള്ള പ്രിൻസിൻ്റെ സ്ഥാനാർഥിത്വവും കേരളാ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു.

തുടര്‍ച്ചയായി മൂന്നാം തവണയും മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍ വാസവനാണ് ഇടതു സ്ഥാനാര്‍ഥി. രണ്ട് തവണ തുടര്‍ച്ചയായി സുരേഷ് കുറുപ്പ് ജയിച്ച മണ്ഡലം നിലനിര്‍ത്തുകയാണ് വിഎന്‍ വാസവന്റെ ലക്ഷ്യം. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് വിമത സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ലതിക സുഭാഷ് യുഡിഎഫിന് വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും അണികൾ കൂടെയില്ലാത്തത് അവർക്ക് തിരിച്ചടിയായി. ലതികാ സുഭാഷ് സ്വതന്ത്രയായി മല്‍സരിക്കുന്നുണ്ടെങ്കിലും യുഡിഎഫ് വോട്ടുകള്‍ ഏകീകരിച്ചാൽ പ്രിന്‍സിന് ജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിശ്വാസം. കഴിഞ്ഞ തവണ സുരേഷ് കുറുപ്പിന് ലഭിച്ച നായർ വോട്ടുകൾ ലതികാ സുഭാഷിന് പോകുമോ എന്ന ആശങ്ക ഇടതു മുന്നണിക്കുണ്ട്.

എന്‍ഡിഎയ്ക്കായി ഇത്തവണ ബിജെപിയാണ് ഏറ്റുമാനൂരില്‍ മത്സരിക്കുന്നത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതും ഏറ്റുമാനൂരിനെ ചര്‍ച്ചാ വിഷയമാക്കി. ബിജെപിക്കായി എന്‍.ഹരികുമാറും ബിഡിജെഎസിനായി ടിഎന്‍ ശ്രീനിവാസനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തതോടെ മണ്ഡലത്തില്‍ എന്‍ഡിഎ പരുങ്ങലിലായി. എന്നാല്‍ ചര്‍ച്ചയെ തുടര്‍ന്ന് ബിഡിജെഎസ് പിന്മാറിയെങ്കിലും എൻഡിഎയിലെ ഭിന്നത പരിഹരിക്കപ്പെട്ടിട്ടില്ല.

കേരള കോണ്‍ഗ്രസ് എമ്മിനെ ഒരുകാലത്ത് പിന്തുണച്ച ഏറ്റുമാനൂരിൽ നിന്ന് 1991 മുതല്‍ 2011 വരെ തോമസ് ചാഴിക്കാടന്‍ തുടര്‍ച്ചയായി എംഎൽഎയായി. എന്നാല്‍ 2011ൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനാണ് പ്രിന്‍സ് ലൂക്കോസിനെ കേരള കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2