​​​തിരുവനന്തപുരം: കൊടക്കര കുഴപ്പണ കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് നേരെയുള്ള കുരുക്ക് വീണ്ടും മുറുകുന്നു. സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തിന് ശക്തി പകർന്നു കൊണ്ട് സംഭവത്തിൽ വീണ്ടും നിര്‍ണായക തെളിവുകള്‍ പുറത്ത്. പണം കൈമാറിയതായി പ്രസീത പറയുന്ന തലസ്ഥാനത്തെ ഹോട്ടലില്‍ അതേദിവസം സി കെ ജാനു താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടല്‍ ബില്ലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബി ജെ പി സംസ്ഥാന കമ്മിറ്റിയാണ് റൂമെടുത്ത് നല്‍കിയതെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

മാര്‍ച്ച്‌ ഏഴാം തീയതി സുരേന്ദ്രന്‍ നേരിട്ട് പണം നല്‍കിയെന്നാണ് ആരോപണം. അതിന് ഒരു ദിവസം മുന്‍പ്, ആറാം തീയതി ഹോട്ടലില്‍ എത്തിയ സി കെ ജാനുവും പ്രസീതയും എട്ടാം തീയതി വരെ ഇവിടെ താമസിച്ചു. പ്രസീത പറയുന്ന 503ആം നമ്ബര്‍ റൂമില്‍ തന്നെയായിരുന്നു താമസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതോടെ ഇവര്‍ വന്നത് ബി ജെ പി വിളിച്ചിട്ടാണെന്ന ആരോപണം ബലപ്പെടുകയാണ്.

ഇതേദിവസം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന്‍ ഹോട്ടലില്‍ ഉണ്ടായിരുന്നോവെന്നാണ് ഇനിയറിയേണ്ടത്. സി സി ടി വി ദൃശ്യങ്ങള്‍ വഴി മാത്രമേ അക്കാര്യം അറിയാന്‍ സാധിക്കുകയുളളൂ. എന്നാല്‍ രണ്ട് മാസത്തോളമായതിനാല്‍ ദൃശ്യങ്ങള്‍ നഷ്‌ടമായെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.