കൊച്ചി: സിനിമാ പ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാമിന്റെ പ്രീ ടീസർ പങ്ക് വെച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെയും സഹോവിലെയും താരത്തിന്റെ വേഷപ്പകർച്ച ഓർമ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രി ടീസറിൽ, രാധേശ്യാമിലെ അദ്ദേഹത്തിന്റെ റൊമാന്റിക്ക് നായക പരിവേഷമാണ് ആകർശനീയമാവുന്നത്.

മഞ്ഞു പൊഴിയുന്ന പാതയോരങ്ങളിലൂടെ ചുവന്ന ഓവർക്കോട്ട് ധരിച്ച് നടക്കുന്ന പ്രഭാസിന്റെ വേറിട്ടൊരു രൂപമാണ് മുപ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പ്രി ടീസറിൽ കാണാൻ സാധിക്കുന്നത്. അതിനാൽ തന്നെ ‘നിങ്ങളറിയുന്ന നായകന്റെ ഹൃദയം തൊട്ടറിയാനുള്ള സമയമാണ് ഇനി വരുന്നത്’ എന്ന വിവരണമാണ് പ്രി ടീസറിനും അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഒരു താരത്തിന്റെ കഥാപാത്രങ്ങളുടെ പൊതു സ്വഭാവത്തെ തന്നെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ആദ്യത്തെ പ്രി ടീസറാണ് രാധേശ്യാമിന്റേത്. ചിത്രത്തിന്റെ ഔദ്യോഗിക ടീസർ ഫെബ്രുവരി പതിനാലിന് പുറത്തിറക്കുമെന്ന സൂചനയും പ്രി ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുതൽ എല്ലാ സിനിമാ പ്രേമികളും പാൻ ഇന്ത്യൻ നായകൻ പ്രഭാസും പൂജ ഹെഗ്ഡെയും താരജോഡികളായെത്തുന്ന റൊമാന്റിക്ക് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വരുന്ന വാലന്റൈൻസ് ദിനത്തിൽ നിങ്ങൾ പ്രണയത്തിന്റെ അലകൾക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണെന്നാണ് പ്രി ടീസറും പ്രഖ്യാപിക്കുന്നത്.

പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രമാണ് രാധേശ്യാമെങ്കിലും ഏറെ നാളത്തെ ഇടവേളയ്ക്കൊടുവിലാണ് ഒരു റൊമാന്റിക്ക് നായകനായി പ്രഭാസ് ബിഗ് സ്‌ക്രീനിലെത്തുന്നത്. ഏറ്റവും ഒടുവിലായി താരം റൊമാന്റിക്ക് ഹീറോ പരിവേഷത്തിലെത്തിയത് 2010ൽ പുറത്തിറങ്ങിയ ഡാർലിങ്ങ് എന്ന ചിത്രത്തിലായിരുന്നു. പ്രമുഖ സംവിധായകനായ രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേർന്നാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം പുറത്തെത്തുക.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2