സംസ്ഥാനത്തെ ഏറ്റവും ശക്തമായ കേരള കോൺഗ്രസ് വിഭാഗത്തിൻറെ ചെയർമാനാണ് ഇപ്പോൾ ജോസ് കെ മാണി. ഇടുക്കി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാർ, റാന്നി എന്നീ നിയോജകമണ്ഡലങ്ങളിൽ നിന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം ജനപ്രതിനിധികളാണ് ഇടതുമുന്നണിക്ക് വേണ്ടി ഈ തിരഞ്ഞെടുപ്പിൽ വിജയം നേടിയത്. മറ്റെല്ലാ കേരള കോൺഗ്രസ് വിഭാഗങ്ങൾക്കും കൂടി അഞ്ച് എംഎൽഎമാർ മാത്രമേ ഇടതും വലതുമായി ഉള്ളൂ എന്നത് കണക്കിലെടുക്കുമ്പോൾ ആണ് ജോസ് കെ മാണിയുടെ പാർട്ടി കേരള കോൺഗ്രസുകൾ ഏറ്റവും തലയെടുപ്പുള്ള കൂടി നിൽക്കുന്നു എന്നത് കൃത്യമായി വിലയിരുത്താൻ കഴിയുക.

എന്നാൽ ഇപ്പോൾ ജോസ് കെ മാണിയോട് ഏറ്റവും അടുത്തുനിൽക്കുന്ന കേരള കോൺഗ്രസ് നേതൃത്വത്തിന് ഇടയിൽ സജീവ ചർച്ചാവിഷയമാകുന്നത് ഇടതു മന്ത്രിസഭയിൽ റോഷി അഗസ്റ്റിൻ മന്ത്രി ആകുമ്പോൾ ജോസ് കെ മാണിക്കെതിരെ ഉയരുന്ന രാഷ്ട്രീയ വെല്ലുവിളിയാണ്. സംസ്ഥാന ചരിത്രത്തിൽ തന്നെ ഏറ്റവുമധികം പിളർപ്പുകളുടെ കഥ പറയാനുള്ള പാർട്ടി കേരള കോൺഗ്രസാണ്. എപ്പോഴും പാർട്ടിക്കുള്ളിൽ പിളർപ്പ് ഉണ്ടായിട്ടുള്ളത് അധികാര കേന്ദ്രങ്ങളുടെ പേരിലാണ്. റോഷി മന്ത്രി ആകുമ്പോൾ സ്വാഭാവികമായും കേരളാ കോൺഗ്രസിൽ അദ്ദേഹത്തെ കേന്ദ്രീകരിച്ച് ഒരു വിഭാഗം സൃഷ്ടിക്കപ്പെടാൻ ഉള്ള സാധ്യതകൾ ഏറെയാണ്. കെഎം മാണിയുടെ മകൻ, പാർട്ടി ചെയർമാൻ എന്നീ നിലകളിൽ പാർട്ടി നേതൃത്വം കയ്യാളുന്ന ജോസ് കെ മാണിക്ക് ഉള്ളതുപോലെ തന്നെ കേരള കോൺഗ്രസിനുള്ളിൽ റോഷി അഗസ്റ്റിന് വല്യ പിന്തുണയുണ്ട്. ഇത് ഭാവിയിൽ ജോസ് കെ മാണിയുടെ പാർട്ടിക്കുള്ളിലെ അപ്രമാദിത്വത്തെ തന്നെ വെല്ലുവിളിക്കുന്ന ഘടകമായി മാറാനുള്ള സാധ്യതയും കേരളകോൺഗ്രസുകളുടെ ചരിത്രം പരിശോധിച്ചാൽ തള്ളിക്കളയാൻ കഴിയില്ല.

ഏതെങ്കിലും വിധേന റോഷി അഗസ്റ്റിൻ മന്ത്രിയാകുന്നത് തടയുവാനുള്ള സാധ്യതകളും വിരളമാണ്. ഇടതുമുന്നണി ക്രൈസ്തവ കത്തോലിക്കാ വിഭാഗത്തോട് അടുക്കുന്നതിന് വേണ്ടിയാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ മുന്നണിയിൽ എത്തിച്ചതു തന്നെ. അങ്ങനെ വരുമ്പോൾ പാർട്ടിയിലെ ഏറ്റവും സീനിയർ എംഎൽഎയായ, കത്തോലിക്കാ വിശ്വാസിയായ റോഷി അഗസ്റ്റിനെ മന്ത്രിസഭാ പ്രാധാന്യത്തിൽ നിന്നും മാറ്റി നിർത്തുക  എളുപ്പമല്ല. കേരള കോൺഗ്രസിലെ പിളർപ്പ് വിഷയത്തിൽ കെഎം മാണിയുടെ മകൻ എന്ന നിലയിലാണ് റോഷി അഗസ്റ്റിൻ ജോസ് കെ മാണികൊപ്പം നിലയുറപ്പിച്ചത്. എങ്കിൽ കൂടിയും ഇവർ തമ്മിലുള്ള ശീത സമരവും പരസ്പര വിശ്വാസമില്ലായ്മയും കേരള കോൺഗ്രസ് നേതൃത്വത്തിന് ഇടയിലും അണികൾക്കിടയിലും പരസ്യമായ രഹസ്യമാണ്.

പാലാ നിയോജക മണ്ഡലം നിവാസിയായ റോഷി അഗസ്റ്റിനെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പോലും പാലായിൽ ഒരു വേദികളിലും പങ്കെടുപ്പിക്കാൻജോസ് കെ മാണി  താൽപ്പര്യം കാട്ടിയിരുന്നില്ല. എന്നാൽ പാലായിൽ ആഴത്തിൽ വേരുകളുള്ള റോഷി മന്ത്രിയാകുന്നതോടുകൂടി പാലായിൽ നടക്കുന്ന പൊതുപരിപാടികളിൽ സ്ഥിരം സാന്നിധ്യം ആകും എന്നുള്ളത് ഉറപ്പാണ്. തോമസ് ചാഴികാടൻ, ജോസ് കെ മാണിയെ പ്രതി പാലായിലെ പൊതുപരിപാടികളിൽ നിന്ന് മാറിനിന്ന്തുപോലെ മാറി നിൽക്കുവാൻ മന്ത്രിയാകുന്ന റോഷി അഗസ്റ്റിന് സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ഈ മന്ത്രിസഭയുടെ കാലാവധി പൂർത്തിയാക്കുന്നതിനു മുന്നേ കേരളാ കോൺഗ്രസിൽ അധികാര തർക്കങ്ങൾ രൂക്ഷമാകുന്ന സാഹചര്യം എഴുതിത്തള്ളാൻ കഴിയില്ല. ഈ ആശങ്ക തന്നെയാണ് ജോസ് കെ മാണിയോട് അടുത്തുനിൽക്കുന്ന വലിയ വിഭാഗം ആളുകളും പങ്കുവയ്ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2